ADVERTISEMENT

ആലപ്പുഴ ∙ ദേശീയ പാതയിലൂടെ അപകടകരമായ തരത്തിൽ ‘മരണപ്പാച്ചിൽ’ നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു തടഞ്ഞു. പരിശോധനയോടു സഹകരിക്കാതിരുന്ന ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മോട്ടർവാഹന വകുപ്പ് നടപടി ആവശ്യപ്പെട്ടു. ഇവരെ ഒരാഴ്ച ജോലിയിൽ നിന്നു മാറ്റിനിർത്തുമെന്നു കെഎസ്ആർടിസി സ്വിഫ്റ്റ് അധികൃതർ അറിയിച്ചു. ആർടിഒയുടെ നടപടി പിന്നാലെയുണ്ടാകും.തിരുവനന്തപുരത്തു നിന്നു പാലക്കാട്ടേക്കു പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടകരമായി ഓടിച്ചത്. ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ മറ്റു വാഹനങ്ങൾ വരിയായി പോകുമ്പോൾ അവയെ അപകടകരമായ തരത്തിൽ മറികടന്നാണ് ഈ ബസ് മരണപ്പാച്ചിൽ നടത്തിയത്. 

വെള്ളിയാഴ്ച വൈകിട്ട് 4നു കൊമ്മാടി സിഗ്നലിൽ നിന്നു പാതിരപ്പള്ളി വരെ ബസ് ഇങ്ങനെ പാഞ്ഞതു മോട്ടർവാഹന വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടു. ഇടയ്ക്ക് എതിർദിശയിൽ വന്ന പൊലീസ് ജീപ്പ് കൂട്ടിയിടിയിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. തുടർന്നാണു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിനെ പിന്തുടർന്നു തടഞ്ഞത്. വാഹനം പലയിടത്തും അമിത വേഗത്തിലായിരുന്നെന്നു ബസിലെ യാത്രക്കാരും പരാതിപ്പെട്ടു. ഡ്രൈവറോടും കണ്ടക്ടറോടും ലൈസൻസ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് ഇ ചെലാൻ തയാറാക്കി കെഎസ്ആർടിസി സ്വിഫ്റ്റ് ഡിജിഎമ്മിനെ അറിയിച്ചു. ഡ്രൈവറെയും കണ്ടക്ടറെയും ജോലിയിൽ നിന്നു മാറ്റി നിർത്തുമെന്നും തെറ്റു തിരുത്തൽ പരിശീലനം നൽകുമെന്നും കെഎസ്ആർടിസി സ്വിഫ്റ്റ് മറുപടി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com