സ്ലാബ് തകർന്നു: കായംകുളം– തിരുവല്ല റോഡിൽ സംസ്ഥാന പാതയില്‍ അപകടക്കെണി
Mail This Article
മാവേലിക്കര ∙ കായംകുളം–തിരുവല്ല സംസ്ഥാന പാതയിൽ പുതിയകാവ് ജംക്‌ഷനു സമീപമുള്ള അപകടക്കെണി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു, അപകടം ഉണ്ടാകുമ്പോൾ മാത്രം പരിഹാരം കാണാൻ എത്തിയിട്ടു കാര്യമില്ലെന്നു നാട്ടുകാർ.പുതിയകാവ് ജംക്‌ഷനു വടക്ക് റോഡിന്റെ കിഴക്കു വശത്തായി ഓടയ്ക്കു മുകളിലെ സ്ലാബ് തകർന്നു കിടക്കുന്നതാണ് അപകട ഭീഷണിയാകുന്നത്. ഇവിടെ റോഡിന്റെ ടാറിങ് ഭാഗവും വശങ്ങളും രണ്ടു തട്ടായാണു കിടക്കുന്നത്.
ഇവിടെ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ പലപ്പോഴും കാൽ തെന്നി യാത്രക്കാർ വീഴുന്നതു പതിവാണ്. റോഡിന് ഇവിടെ വീതി കുറവായതിനാൽ വാഹനങ്ങൾ എത്തുമ്പോൾ കാൽനടയാത്രക്കാർ വശത്തേക്ക് ഒതുങ്ങിക്കഴിഞ്ഞാൽ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴുമെന്നുറപ്പാണ്. പ്രായിക്കര ഭാഗത്തു നിന്നു പുതിയകാവിലേക്കു വരുന്ന വാഹനങ്ങൾ മിച്ചൽ ജംക്‌ഷനിലേക്കു തിരിയവേ നിർത്തുമ്പോൾ കാൽനടയാത്രക്കാർക്കു നടന്നു പോകാൻ സ്ഥലം പോലും ഇല്ലാത്ത അവസ്ഥയാണ്. ഓടയുടെ സ്ലാബ് തകർന്നു കിടക്കുന്ന ഭാഗത്തു മുന്നറിയിപ്പായി സ്ഥാപിച്ച ചുവപ്പ് കൊടി പോലും ഓടയിലേക്കു താഴ്ന്നിരിക്കുകയാണ്. ഇവിടെ ഓട നവീകരിച്ചു സ്ലാബുകൾ കൃത്യമായി സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമാണ്.