ചെങ്ങന്നൂർ ശുദ്ധജല പൈപ്പ്‌ലൈൻ അടിക്കടി പൊട്ടുന്നു; ശുദ്ധജലം തേടി നാടിന്റെ നെട്ടോട്ടം

Mail This Article
ചെങ്ങന്നൂർ ∙ ആറു പതിറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള ചെങ്ങന്നൂർ ശുദ്ധജല പദ്ധതിയിലെ പൈപ്പ്‌ലൈൻ അടിക്കടി പൊട്ടുന്നതു ഗുണഭോക്താക്കളെ വലയ്ക്കുന്നു. മിത്രപ്പുഴക്കടവിൽ നിന്നുള്ള മെയിൻ പമ്പിങ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നലെയും മിനിഞ്ഞാന്നും നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം മുടങ്ങി. കിഴക്കേനട –കോടിയാട്ടുകുളങ്ങര റോഡിൽ പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്നുള്ള അറ്റകുറ്റപ്പണി ഇന്നലെ രാത്രിയാണ് പൂർത്തിയാക്കിയത്.
ചെങ്ങന്നൂർ നഗരസഭയിലെ കിഴക്കേനട, മാർക്കറ്റ്, ടൗൺ, റെയിൽവേസ്റ്റേഷൻ, മുണ്ടൻകാവ്, പുലിക്കുന്ന് പ്രദേശങ്ങളിലാണു ജലവിതരണം മുടങ്ങിയത്. നേരത്തേ വെള്ളം കരുതിയിരുന്നവർ മാത്രമാണ് പ്രതിസന്ധിയെ അതിജീവിച്ചത്. ചുരുക്കം ചിലർ വെള്ളം വില കൊടുത്തു വാങ്ങി. 64 കൊല്ലത്തോളം പഴക്കമുള്ള എസി പൈപ്പുകളായതിനാൽ ശക്തിയായി വെള്ളം പമ്പ് ചെയ്യുമ്പോൾ പൊട്ടുന്നതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആഴത്തിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ പൈപ്പ് പൊട്ടലുണ്ടായാൽ പരിഹരിക്കാൻ ഏറെ സമയം വേണ്ടിവരുന്നതും ജല അതോറിറ്റിയെ വലയ്ക്കുന്നു.