ADVERTISEMENT

ആലപ്പുഴ∙ നഗരത്തിൽ പൂന്തോപ്പ് വാർഡ് പ്രദേശത്തെ വീടുകളിൽ മൂന്നാഴ്ചയായി ശുദ്ധജലം ലഭിക്കുന്നില്ല. കൈചൂണ്ടി മുക്കിനു വടക്ക് ഭാഗത്ത് കളരിക്കൽ, ലോമ റോഡ്, എൽകെ കമ്പി പ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. മുന്നൂറ്റി അൻപതോളം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിൽ ശുദ്ധജലമില്ലാതെ ദുരിതത്തിലായത്.

ഇവിടങ്ങളിലെ ഹൗസ് കണക്‌ഷനുകളിൽ ടാപ്പ് തുറന്നാൽ വെള്ളത്തിനു പകരം ചൂട് കാറ്റാണ് വരുന്നതെന്ന് വീട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിലും ടാപ്പുകളിൽ ശുദ്ധജലം എത്തുന്നില്ല. വെള്ളം ലഭിക്കാതായതോടെ പുറമേനിന്നു പണം നൽകി ശുദ്ധജലം വാങ്ങിയാണ് വീട്ടുകാർ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കുന്നത്. വാട്ടർ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കാനുള്ള നടപടികളും ഇവിടെ സ്വീകരിച്ചിട്ടില്ല.     

ജലവിതരണ കേന്ദ്രത്തിൽ തടസ്സം നേരിട്ടതാണ് കാരണമെന്ന് ജല അതോറിറ്റി എൻജിനീയറിങ് വിഭാഗം അറിയിച്ചതായി കൗൺസിലർ ബി.മെഹബൂബ് പറഞ്ഞു. എന്നാൽ എവിടെയാണ് തടസ്സം എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ വിശദീകരണം. നിരന്തരമായി പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ച് ജല വിതരണം സുഗമമാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും മെഹബൂബ് പറഞ്ഞു.

അതേ സമയം പ്രദേശത്തെ ശുദ്ധജല വിതരണ പ്രശ്നം പരിഹരിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ തന്നെ ജല അതോറിറ്റിയുടെ ജീവനക്കാർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. പൈപ്പ് ലൈനുകളിൽ പ്രത്യക്ഷത്തിൽ ലീക്കേജ് കാണുന്നില്ല. പ്രദേശത്തെ കാന നിർമാണം നടന്നപ്പോൾ ലൈൻ കട്ട് ആയതാണോ എന്ന് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ശുദ്ധജല വിതരണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.         

കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശം
ആലപ്പുഴ∙ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ എംഎൽഎ യോഗം വിളിച്ചു ചേർത്തു. മണ്ണഞ്ചേരി കിഴക്കൻ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം, മാരാരിക്കുളം തെക്ക്, മാരാരിക്കുളം  വടക്ക് പഞ്ചായത്തുകളുടെയും നഗരത്തിലെയും കുടിവെള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. കുടിവെള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് എംഎൽഎ നിർദേശം നൽകി.

ജലജീവൻ പദ്ധതി പ്രകാരം ഇനിയും കുടിവെള്ള കണക്‌ഷൻ ലഭിക്കാത്തവരുടെ ലിസ്റ്റ് തയാറാക്കി ഉടൻ കണക്‌ഷൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ ഉറപ്പു നൽകി. നാഷനൽ ഹൈവേ നിർമാണത്തിന്റെ ഭാഗമായി കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളിൽ തിരികെ കണക്‌ഷൻ നൽകുന്നത് വേഗത്തിലാക്കും.

ആലപ്പുഴ നഗരസഭ ചെയർപഴ്സൻ കെ.കെ ജയമ്മ , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി സംഗീത, സന്തോഷ് ലാൽ, സുദർശന ഭായി, മണ്ണഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ് സന്തോഷ്, കേരള വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി പ്രോജക്ട് മാനേജർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ, നാഷനൽ ഹൈവേ പ്രോജക്ട് മാനേജർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com