ADVERTISEMENT

ചെങ്ങന്നൂർ ∙ അപകടം നടന്നിട്ടു പതിനൊന്നു നാൾ, പ്രവേശനം നിരോധിച്ചെങ്കിലും നൂറ്റവൻപാറയിൽ സന്ദർശകരെ നിയന്ത്രിക്കാൻ നടപടിയെന്ത് ? പുലിയൂർ നൂറ്റവൻപാറയിലെ ജലസംഭരണിക്കു മുകളിൽ നിന്നും വീണു പരുക്കേറ്റ് ചികിത്സയിലിരുന്ന തിട്ടമേൽ കല്ലുമഠത്തിൽ ജനാർദ്ദനൻ–പുഷ്പ ദമ്പതികളുടെ ഏകമകൾ പൂജ (19) മരിച്ചത് ഇക്കഴിഞ്ഞ 20നാണ്. 17നുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൂജ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സുഹുത്തുക്കൾക്കൊപ്പം നൂറ്റവൻപാറയിൽ ദൃശ്യങ്ങൾ കാണാനെത്തിയ യുവതി ജലസംഭരണിക്കു മുകളിൽ നിന്നു കാൽ വഴുതി പാറയിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്നു പുലിയൂർ പഞ്ചായത്തിലെ പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന നൂറ്റവൻപാറയിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ആർഡിഒ ജി.നിർമൽ കുമാർ 20ന് തന്നെ ഉത്തരവിട്ടെങ്കിലും സന്ദർശകരെ തടയാൻ മാർഗമില്ല. നൂറ്റവൻപാറ സന്ദർശിക്കാൻ പല സ്ഥലങ്ങളിൽ നിന്നു വിദ്യാർഥികൾ ഉൾപ്പെടെ എത്താറുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങളില്ല. മുൻപൊരിക്കൽ പാറയിൽ വീണ് യുവാവിനു പരുക്കേറ്റിരുന്നു. അപകടമുന്നറിയിപ്പ് നൽകുന്ന  നോട്ടിസും ബോർഡും ഇന്നലെ ഇവിടെ സ്ഥാപിച്ചു. പാറയിലേക്കു കയറാനെത്തിയ ഞങ്ങളെ വിലക്കിയതു നാട്ടുകാരാണ്. പ്രവേശനം നിരോധിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെ പലരും സ്ഥലത്ത് എത്തുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. 

ആർഡിഒ നിർദേശിച്ചത്;  
പ്രവേശനം നിരോധിച്ചു കൊണ്ടുള്ള നോട്ടിസ് പുലിയൂർ പഞ്ചായത്ത് അധികൃതർ സ്ഥാപിക്കണമെന്ന് ആർഡിഒ നിർദേശിച്ചു. പ്രവേശനം തടയുന്നതിനു പൊലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രദേശം പുലിയൂർ വില്ലേജ് ഓഫിസർ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ആർഡിഒയുടെ ഉത്തരവിൽ പറയുന്നു. 

അധികൃതർ പറയുന്നത്;
എന്നാൽ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ലഭിച്ചതെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും പുലിയൂർ വില്ലേജ് ഓഫിസർ പറഞ്ഞു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചെന്നും പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ പറഞ്ഞു. പിങ്ക് പൊലീസ് ഉൾപ്പെടെ പ്രദേശത്തു പട്രോളിങ് നടത്തുന്നുണ്ടെന്ന് എസ്എച്ച്ഒ സി.ദേവരാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com