പാതിരാത്രിയിൽ ആട്ടിൻകൂട്ടിൽ തീപിടിത്തം; ആടുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
എടത്വ ∙ പാതിരാത്രിയിൽ ആട്ടിൻകൂട്ടിൽ തീപിടിത്തം, ആടുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് പരിയാത്ത് പറമ്പിൽ ഈപ്പൻ ജോർജിന്റെ ആട്ടിൻ കൂടാണ് രാത്രി 12 മണിയോടെ കത്തിനശിച്ചത്. ആടിനു കൊടുക്കാനുള്ള പുളിയരി വേവിച്ചതിന് ശേഷം അവശേഷിച്ച കനലിൽ നിന്നാകാം തീ പടർന്നു പിടിച്ചതെന്നാണ് കരുതുന്നത്. ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോൾ പുര കത്തുന്ന കാഴ്ചയാണ് കണ്ടത്. പെട്ടെന്ന് ആടുകളെ നീക്കം ചെയ്തു. പഞ്ചായത്തംഗം സുജ സ്റ്റീഫൻ അലക്സ് എത്തി അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
എന്നാൽ റോഡുകളുടെ വീതിക്കുറവും, വൈദ്യുതി ലൈനുകളും സ്വകാര്യ കേബിളുകളും താഴ്ന്നു കിടന്നതിനാലും വാഹനം സ്ഥലത്തെത്താനായില്ല. പിന്നീട് ചെറിയ എൻജിൻ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സേനയിലെ അംഗങ്ങളും, നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുറവ് കാരണം ആദ്യം ഫലവത്തായില്ല. പുലർച്ചെ 2 മണിയോടെ വീണ്ടും തീ പടർന്നു. നാട്ടുകാരുടെ സഹായത്തോടെ കിണറുകളിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.