കൊടിമരം റോഡിലേക്ക് പതിച്ചു; കാറ്റിലും മഴയിലും വ്യാപകനാശം

Mail This Article
ആലപ്പുഴ ∙ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരത്തിൽ വ്യാപക നാശനഷ്ടം. ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവ ഫൊറോന തീർഥാടന പള്ളിയിൽ പുതിയതായി നിർമിച്ച കൊടിമരം റോഡിലേക്ക് നിലംപതിച്ചു. പെസഹ വ്യാഴത്തിന്റെ തിരുക്കർമങ്ങൾ കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി 3 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊടിമരം റോഡിൽ നിന്നു നീക്കം ചെയ്തത്. ആലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ, എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ്, എച്ച്.സലാം എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

ആലിശേരി വാർഡിൽ വീടിന് സമീപത്ത് നിന്നിരുന്ന ഈട്ടി മരം വീടിന് മുകളിലേക്ക് കടപുഴകി വീണ് മൂന്നു പേർക്ക് പരുക്കേറ്റു. ചേക്കുപുരക്കൽ ബെൽസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രൻ, ഭാര്യ ലീന, പത്തു വയസ്സുകാരൻ മകൻ അമ്പാടി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയകുളം വാർഡിൽ കമ്പിവളപ്പിൽ ലാൽ പ്രസാദിന്റെ വീടിനു സമീപം നിന്നിരുന്ന മാവും റോഡിലേക്ക് കടപുഴകി വീണു. തുമ്പോളി വെളിയിൽ പീതാംബരന്റെ പുരയിടത്തിൽ നിന്ന മാവ് റോഡിലേക്കും സമീപത്ത് നിന്നിരുന്ന തെങ്ങ് വീടിനോട് ചേർന്നുള്ള ഷെഡിന് മുകളിലേക്കും കടപുഴകി വീണു.
ഹൗസിങ് കോളനി വാർഡിൽ ചാക്കുപറമ്പിൽ സിനുവിന്റെ വീടിനു മുകളിലേക്ക് സമീപവാസിയുടെ പുരയിടത്തിൽ നിന്ന പുളിമരം കടപുഴകി വീണു. ആർക്കും പരുക്കില്ല. ഇരവുകാട് വാർഡിൽ കപ്പാമൂട് വീട്ടിൽ നൈസാമിന്റെ വീടിനു മുകളിലേക്ക് സമീപത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി വീണു. ആർക്കും പരുക്കില്ല. കലക്ടറുടെ ബംഗ്ലാവിനു സമീപത്ത് നിന്നിരുന്ന മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. വനിതാ–ശിശു ആശുപത്രി വളപ്പിൽ നിന്ന പാഴ്മരം കടപുഴകി വീണു. ചന്ദനക്കാവ്, പൂങ്കാവ്, ആലിശേരി എന്നിവിടങ്ങളിലും റോഡിന് കുറുകെ മരങ്ങൾ വീണു.