ADVERTISEMENT

ആലപ്പുഴ ∙ അപ്രതീക്ഷിതമായുണ്ടായ കടലാക്രമണം ജില്ലയിലെ തീരദേശത്തെ ഭീതിയിലാഴ്ത്തി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, കാക്കാഴം, വളഞ്ഞവഴി,നീർക്കുന്നം, പള്ളിത്തോട്, റോഡ് മുക്ക്, അന്ധകാരനഴി തുടങ്ങിയ സ്ഥലങ്ങളിലാണ് വൻതിരകൾ കരയിലേക്ക് അടിച്ചുകയറിയത്. ആലപ്പുഴ ബീച്ച് ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വൻതിരമാലകളുണ്ടായി. ഈസ്റ്റർ അവധി ആഘോഷിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തിയിരുന്നു. ആലപ്പുഴ കടൽപാലത്തിനു സമീപം തിരയിൽ പെട്ടവരെ ലൈഫ് ഗാർഡ്മാരും മറ്റു വിനോദസഞ്ചാരികളും ചേർന്നു സാഹസികമായി രക്ഷപ്പെടുത്തി.

പുറക്കാട്ട് ഉൾവലിഞ്ഞു തുടക്കം
പുറക്കാട് തീരത്ത് കടൽ വീണ്ടും ഉൾവലിഞ്ഞതിനു പിന്നാലെ കടലാക്രമണവും ഉണ്ടായതോടെ തീരദേശവാസികൾ പരിഭ്രാന്തരായി. 10 ദിവസം മുൻപ് ഇതേ തീരത്ത് കടൽ ഉൾവലിഞ്ഞെങ്കിലും കടലാക്രമണം ഉണ്ടായിരുന്നില്ല. ഇന്നലെ തീരത്ത് കടൽ ഉൾവലിഞ്ഞതോടെ 50 മീറ്റർ പടിഞ്ഞാറ് ഭാഗം വരെ ചെളിയടിഞ്ഞു. പുറക്കാടിന് തെക്ക് 100 മീറ്റർ തീരത്ത് ഈ പ്രതിഭാസം പുലർച്ചെ മുതൽ ഉച്ചവരെ തുടർന്നു.

എന്നാൽ, ഉച്ചയോടെ കടൽ കടൽഭിത്തി കവിഞ്ഞും കയറിയതോടെ പ്രദേശവാസികൾ ഭീതിയിലായി. പുറക്കാട് മുതൽ തോട്ടപ്പള്ളി വരെ കടലാക്രമണം ഉണ്ടായി. ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച കാനയുടെ സമീപം വരെ കടൽവെള്ളം എത്തി. ജനാലകൾ തകർന്നു വെള്ളം വീടുകളിലേക്ക് കയറി. മുതിർന്നവരെയും കു‌ട്ടികളെയും വീടുകളിൽ നിന്നു ബന്ധു വീടുകളിലേക്ക് മാറ്റി. നൂറോളം വീടുകൾ വെള്ളക്കെട്ടിലായി.

പുറക്കാട് തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തള്ളി തീരത്തിന് കിഴക്കു ഭാഗത്തേക്ക് മാറ്റി. ഇതിൽ ഒരു വള്ളം തകർന്നു കടലിൽ ഒഴുകി പോയി. ചില വള്ളങ്ങളിലെ എൻജിനുകൾക്കും വലകൾക്കും കേടുപാടു ഉണ്ടായി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.പുറക്കാടിനു പുറമേ കാക്കാഴം, വളഞ്ഞവഴി, നീർക്കുന്നം തീരദേശത്തും കടലാക്രമണമുണ്ടായി. ഇവിടെ 10 വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.

തീരദേശ റോഡിൽ ഗതാഗത തടസ്സം
ആറാട്ടുപുഴ എംഇഎസ് ജംക്‌ഷന് തെക്കും തൃക്കുന്നപ്പുഴ മതുക്കൽ, പ്രണവം ജംക്‌ഷൻ എന്നിവിടങ്ങളിലുമാണ് ഇന്നലെ കടലേറ്റമുണ്ടായത്. ശക്തമായ തിരമാലയിൽ ആറാട്ടുപുഴയിൽ ചെറിയ കരിങ്കല്ലുകളും തടിക്കഷണങ്ങളും തീരദേശ റോഡിലേക്ക് ഒഴുകിയെത്തിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തൃക്കുന്നപ്പുഴ ജംക്‌ഷന് സമീപം തീരദേശ റോഡിലും മണ്ണ് കുന്നുകൂടി ഗതാഗതം തടസ്സപ്പെട്ടു. കോട്ടേമുറി, പതിയാങ്കര മേഖലകളിൽ മുപ്പതോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. ഇവിടെ പീലിങ് ഷെഡുകൾക്കും കേടുപാടുകൾ ഉണ്ടായി. രാവിലെ മുതൽ തുടങ്ങിയ കടലാക്രമണം വൈകിട്ടും തുടർന്നു.

ആലപ്പുഴ ബീച്ചിൽ വെള്ളംകയറി
ആലപ്പുഴ ബീച്ചിൽ ഇന്നലെ രാവിലെ മുതൽ തിരമാലകൾ കരയിലേക്ക് തിളച്ചു കയറാൻ തുടങ്ങി. പിന്നീട് തിരമാല ശക്തമായി. ഈ നില വൈകിട്ട് 5 വരെ നീണ്ടുനിന്നു. തുടർന്നും കടൽ പതിവിലും പ്രക്ഷുബ്ധമായിരുന്നു. വിജയ് പാർക്കിന്റെയും ഓപ്പൺ സ്റ്റേജിന്റെയും സമീപം വരെയും വാടയ്ക്കൽ, കാറ്റാടി ബീച്ച്, കാഞ്ഞിരംചിറ, തുമ്പോളി ഭാഗങ്ങളിലും കടൽ കയറി. മുതലപ്പൊഴി, തുമ്പോളി പൊഴി, അയ്യപ്പൻ പൊഴി, വാടപ്പൊഴി എന്നീ പൊഴികളിൽ കടൽ കയറിയതിനെ തുടർന്നു സമീപത്തെ ഒട്ടേറെ വീടുകളുടെ മുറ്റം വരെ വെള്ളമെത്തി. വാടയ്ക്കൽ ഫിഷർമെൻ കോളനിയിലെ പത്തോളം വീടുകൾ വെള്ളത്തിലായി.

തുറവൂർ മേഖലയിൽ അഞ്ഞൂറിലേറെ വീടുകൾ കടലാക്രമണ  ഭീഷണിയിൽ
തുറവൂർ പള്ളിത്തോട്, റോഡ് മുക്ക്, അന്ധകാരനഴി എന്നിവിടങ്ങളിലെ കൽക്കെട്ടുകൾ കവിഞ്ഞൊഴുകി തീരദേശ റോഡിലേക്ക് വെള്ളം കയറി. കടൽ ഭിത്തിയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾ വീട് വിട്ട് മറ്റു വീടുകളിൽ അഭയം തേടി. ഇന്നലെ ഉച്ചയ്ക്ക് 2ന് തുടങ്ങിയ കടൽക്കയറ്റം വൈകിട്ടും തുടർന്നു. പള്ളിത്തോട് മുതൽ ഒറ്റമശ്ശേരി വരെയുള്ള തീരങ്ങളിൽ കടൽ ശക്തിയായി കയറി. തീരദേശ റോഡ് കവിഞ്ഞും കടൽ വെള്ളം കിഴക്കോട്ട് ഒഴുകി. പള്ളിത്തോട്, അഴീക്കൽ, വെട്ടയ്ക്കൽ, ഒറ്റമശ്ശേരി, ചേന്നവേലി എന്നിവിടങ്ങളിൽ റോഡിനു പടിഞ്ഞാറുവശത്തെ അൻപതിലേറെ വീടുകളിൽ കടൽ വെള്ളം കയറി. പ്രദേശത്ത് അഞ്ഞൂറിലേറെ വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com