ADVERTISEMENT

ചേർത്തല∙ വെറ്ററിനറി മെഡിസിൻ കോഴ്സ് പഠിക്കാൻ ഫിലിപ്പീൻസിൽ പോയ വിദ്യാർഥി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങി. ഫിലിപ്പീൻസിലെ സാൻകാർലോസിൽ കുടുങ്ങിയ അർത്തുങ്കൽ കുരിശിങ്കൽ അലോഷ്യസ് വിൽസന്റെ മകൻ സാവിയോയെ (31) നാട്ടിലെത്തിക്കാൻ സഹായം തേടി ബന്ധുക്കൾ മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകി. വീസയുടെ കാലാവധി കഴിഞ്ഞതിനാൽ നിയമ നടപടികൾക്കുള്ള സാധ്യതകളും ഉയർന്നിട്ടുണ്ട്. വീട്ടിൽ നിന്നും മലയാളികൾ വഴിയെത്തിക്കുന്ന തുക ഉപയോഗിച്ചാണ് ചെലവ് കഴിയുന്നത്.

2016ലാണ് സാൻകർലോസിലെ വിർജെൻ മിലാഗ്രാസു സർവകലാശാലയിൽ സാവിയോ കോഴ്‌സിനു ചേർന്നത്. നാലുവർഷമുള്ള കോഴ്‌സിനു 15 ലക്ഷമാണ് ചെലവു പറഞ്ഞിരുന്നത്. എന്നാൽ 2020ൽ അവസാനിക്കേണ്ട കോഴ്സ് 2024ലും പൂർത്തിയായിട്ടില്ല. കോവിഡ് സാഹചര്യത്തിലാണ് കോഴ്സ് വൈകിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പക്ഷേ, കോഴ്സ് നീണ്ടതോടെ ഇതുവരെ 37 ലക്ഷത്തിലധികം ചെലവഴിച്ചു കഴിഞ്ഞു. ഇനി 10 ലക്ഷം ഉടൻ നൽകണമെന്നാണ് സർവകലാശാലയുടെ ആവശ്യമെന്ന് അച്ഛൻ അലോഷ്യസ് വിൽസൺ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ വീസ കാലാവധി കഴിഞ്ഞതിനാൽ സർവകലാശാല ഹോസ്റ്റലിൽ നിന്നും പുറത്താക്കിയെന്നും ഇപ്പോൾ പലയിടങ്ങിളിൽ താമസിക്കുകയാണെന്നും വീട്ടുകാർ പറഞ്ഞു. ഡോളറിലാണ് വിനിമയമെന്നതിനാൽ രൂപയുടെ മൂല്യം കുറയുന്നതിനനുസരിച്ചാണ് കോഴ്സിന്റെ ചെലവ് വർധിക്കുന്നതെന്നാണ് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്.  പഠനത്തിനൊപ്പം ജോലിയെന്ന സാധ്യതയിലാണ് കോഴ്‌സിനു ചേർന്നത്. മെഡിസിൻ മേഖലയിൽ ഫിലിപ്പീൻസിൽ താൽക്കാലിക ജോലി അനുവദനീയമല്ലെന്നതു തിരിച്ചടിയായി.  സാവിയോയുടെ പഠന ചെലവിനായി അർത്തുങ്കലിലെ വീടുപോലും വിറ്റതായും കുടുംബം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com