ADVERTISEMENT

തേവർകടവ് ∙ വഴിയുമില്ല, വഴിവിളക്കുമില്ലാതെ 45 വീട്ടുകാർ ദുരിതത്തിൽ കഴിയുകയാണ് ചെന്നിത്തല തേവർകടവിൽ. ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്ത് 16–ാം വാർഡിന്റെ പടിഞ്ഞാറ് ഭാഗത്തു അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാറിന്റെയും പാടശേഖരത്തിന്റെയും ബണ്ടോടു ചേർന്നു താമസിക്കുന്നവരാണ് അരനൂറ്റാണ്ടിലേറെയായി ദുരിതത്തിൽ കഴിയുന്നത്.

പാലങ്ങൾ വേണം
ചെന്നിത്തല 1–ാം ബ്ലോക്ക് പാടശേഖരത്തിന്റെ ഭാഗമായ തേവർകടവിലും പാമ്പനംചിറയിലും പാലങ്ങൾ യാഥാർഥ്യമായാൽ ജനങ്ങളുടെ ദുരിതത്തിനു പരിഹാരമാകും. വാഴക്കൂട്ടം മുതൽ– ചില്ലിത്തുരുത്തു വരെ രണ്ടര കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡാണ് നിർമിക്കേണ്ടത്. നിലവിൽ ടെലിഫോൺ തൂണും, തടിയും നിരത്തി ഇടുങ്ങിയ സ്ഥലത്തു കൂടി നൂലു പോലെയുള്ള പാലമാണ് തേവർകടവിലും പാമ്പനത്തു ചിറ മോട്ടർ പുരയോടു ചേർന്നുള്ളത്.

അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാറിൽ നിന്നും 1–ാം ബ്ലോക്ക് പാടശേഖരത്തിലേക്കു വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനായി നിർമിച്ചിട്ടുള്ള മോട്ടർ‍പുരയുടെ ചീപ്പിനു മുകളിലായി തടി നിരത്തിയാണ് അരനൂറ്റാണ്ടിലേറെയായി തേവർകടവ് നിവാസികൾ നടന്നു പോകുന്നത്. സൈക്കിൾ പോലും സ്വന്തം വീട്ടുമുറ്റത്തെത്തിക്കാൻ കഴിയാത്ത അവസ്ഥ. ഇരുചക്രവാഹനമുള്ളവർ റോഡരികിലാണ് സ്ഥിരമായ വണ്ടി നിർത്തുന്നത്.

പൊതുടാപ്പ്, തെരുവുവിളക്ക്
തെരുവുവിളക്ക്ജലജീവൻ മിഷൻ ശുദ്ധജലവിതരണ പദ്ധതിയുടെ പേരു പറഞ്ഞ് ഇവിടെയുണ്ടായിരുന്നു 5 പൊതുടാപ്പുകൾ പഞ്ചായത്ത് അധികൃതർ പൂട്ടി. കാർഷിക മേഖലയിലെത്തുന്നവർക്ക് ഏറെ ഉപകരിച്ചിരുന്ന ഒരു ടാപ്പു പോലും നിലനിർത്തിയില്ലെന്ന് പരിസരവാസിയും 1–ാം ബ്ലോക്കു പാടശേഖര സമിതി പ്രസിഡന്റുമായ പ്രസാദ് വാഴക്കൂട്ടത്തിൽ പറഞ്ഞു. സഞ്ചാരയോഗ്യമായ വഴിയും തെരുവു വിളക്കില്ലാത്തതും കാരണം ഇവിടെ പാമ്പുകടിയേറ്റ സംഭവങ്ങളുമുണ്ട്.  ത്രിതല പഞ്ചായത്തടക്കമുള്ള ഭരണകൂടം ഈ പ്രദേശത്തെ അവഗണിക്കുകയാണെന്നാണ് തേവർകടവ് നിവാസികളുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com