ശുദ്ധജലക്ഷാമം: കടുത്ത പ്രതിഷേധവുമായി ആര്യാട് ജല അതോറിറ്റി വഴിച്ചേരി ഓഫിസ് ഉപരോധിച്ച് ജനപ്രതിനിധികൾ

Mail This Article
ആലപ്പുഴ∙ ആര്യാട് പഞ്ചായത്തിലെ ശുദ്ധജല പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. വഴിച്ചേരി സബ് ഡിവിഷനിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ഇന്നലെ രാവിലെ 11 മുതൽ 12.30 വരെയായിരുന്നു ഉപരോധം. പഞ്ചായത്ത് പ്രദേശങ്ങളിൽ മാസങ്ങളായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രനും പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ്‌ലാലും പറഞ്ഞു.
പ്ലാശുകുളത്തെ കുഴൽക്കിണർ പ്രവർത്തിക്കാതായിട്ട് 4 മാസമായി. ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ വിഹിതമായി ലഭിക്കുന്ന വെള്ളത്തിന്റെ കൂടെ കുഴൽക്കിണറിൽ നിന്നുള്ള വെള്ളം കൂടി വിതരണം ചെയ്താലേ തികയുകയുള്ളൂ. പക്ഷേ കുഴൽക്കിണറിന്റെ മോട്ടർ മാറ്റി വയ്ക്കാൻ പണം അടച്ചിട്ടും ജല അതോറിറ്റി ചെയ്യാൻ തയാറായില്ല. പഞ്ചായത്ത് പണം മുടക്കി സ്ഥാപിച്ച 6 ആർഒ പ്ലാന്റുകളിൽ മൂന്നെണ്ണം പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.
ഇവ റിപ്പയർ ചെയ്യാനും പണം അടച്ചിട്ട് ചെയ്തു തരുന്നില്ല. ഇന്നു ചെയ്യും, നാളെ ചെയ്യും എന്നു പ്രതീക്ഷിച്ചിരുന്നു. ഫലം കാണാതായപ്പോഴാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നൂർജഹാനെ ഉപരോധിച്ചതെന്നും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, സ്ഥിര സമിതി അധ്യക്ഷരായ വി.ബിജുമോൻ, കെ.എ.അശ്വനി, ബിപിൻ രാജ്, പഞ്ചായത്തംഗങ്ങളായ കവിതാ ഹരിദാസ്, സിന്ധു രാധാകൃഷ്ണൻ, ഷീനാമോൾ ശാന്തിലാൽ എന്നിവർ പ്രസംഗിച്ചു.
നോർത്ത് പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി സംസാരിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ യാതൊന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ആദ്യ നിലപാട്. എന്നാൽ, കലക്ടർക്ക് കത്ത് നൽകി പ്രത്യേക അനുമതി വാങ്ങി പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്നു ഒടുവിൽ സമ്മതിച്ചതിനെ തുടർന്നു ഉപരോധനം അവസാനിപ്പിച്ചു.