വെള്ളമിറങ്ങി, കടൽ ശാന്തമായി; മണ്ണും ചെളിയും ബാക്കി
Mail This Article
ചേർത്തല∙ അർത്തുങ്കൽ, ഒറ്റമശേരി, തൈക്കൽ മേഖലകളിൽ കടൽ ശാന്തമായി വെള്ളമിറങ്ങിയെങ്കിലും വീടുകളിലേക്കും പുരയിടങ്ങളിലും വെള്ളത്തോടൊപ്പം കയറിയ ചെളിയും മണ്ണും നീക്കം ചെയ്യാൻ ബുദ്ധിമുട്ടുന്നു. രണ്ടു ദിവസങ്ങളിലും തുടർച്ചയായി വെള്ളം കയറിയതിനാൽ വീടുകൾക്ക് ഉള്ളിലും പുരയിടങ്ങളിലും മണലും ചെളിയും കയറിയിരുന്നു. ഒറ്റമശേരി മേഖലയിൽ ചിലയിടങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പമ്പുകൾ ഉപയോഗിച്ച് വെള്ളം കടലിലേക്ക് തന്നെ ഒഴിക്കിവിട്ടു.
എന്നാൽ മണ്ണും ചെളിയും നീക്കം ചെയ്യാൻ മാർഗമില്ല. കുട്ടികളും പ്രായമായവരും പുറത്തിറങ്ങിയാൽ തെന്നി വീഴുന്ന സാഹചര്യമാണ്. അപ്രതീക്ഷിതമായി വെള്ളം കയറിയതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം കഴിഞ്ഞു തീരങ്ങളിൽ സൂക്ഷിച്ചിരുന്ന വലകൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. കടൽവെള്ളം കയറിയപ്പോൾ വലകൾ ഒഴികിപ്പോയി നശിച്ചതിനാൽ വലിയ സാമ്പത്തിക നഷ്ടവും സംഭവിച്ചു. മണൽ നീക്കം ചെയ്യണമെങ്കിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കേണ്ടി വരുന്നതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നും സഹായം ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.