ADVERTISEMENT

ആലപ്പുഴ ∙ വിണ്ടുകീറിയ ഭിത്തി, അടർന്നു വീഴുന്ന മേൽക്കൂര, കാലൊടിഞ്ഞ കസേരകൾ... നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മുനിസിപ്പൽ ലൈബ്രറിയുടെ ദയനീയാവസ്ഥയാണിത്. വിദ്യാർഥികളടക്കം ദിവസേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ലൈബ്രറി പ്രവർത്തിക്കുന്നത് പരാധീനതകൾക്ക് നടുവിലാണ്.  മൂന്നുമാസം മുൻപ് ലൈബ്രറിയുടെ ഓഫിസായി പ്രവർത്തിച്ചിരുന്ന മുറിയുടെ മേൽക്കൂര ഇളകി വീണിരുന്നു. ഇതോടെ ആ മുറി പൂട്ടി ഇവിടെ ഉണ്ടായിരുന്ന പുസ്തകങ്ങൾ റീഡിങ് റൂമിലേക്കും അടുത്ത മുറിയിലേക്കും മാറ്റി.

ലൈബ്രേറിയൻ അടക്കം നിലവിൽ തൊട്ടടുത്ത ഇടുങ്ങിയ മുറിയിലാണ് ഇരിക്കുന്നത്. മേൽക്കൂര തകർന്നു വീണിട്ട് മൂന്നുമാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയാറായിട്ടില്ല. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. പടികൾ കയറി ചെല്ലുന്നിടത്താണ് റീഡിങ് റൂം. ഇതിന്റെ മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് താഴെ മുതൽ മുകൾ വരെയുള്ള ഭിത്തി വിണ്ടുകീറിയ നിലയിലാണ്. ഭീതിയോടെയാണ് ലൈബ്രറി ഉപയോഗിക്കുന്നതെന്ന് ഇവിടെയെത്തുന്നവർ‌ പറയുന്നു. എൽബിഎസ് സബ്സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലും ദിവസേന നൂറുകണക്കിന് പേരാണ് വന്നുപോകുന്നത്. 

സൗമ്യരാജ് നഗരസഭാധ്യക്ഷ ആയിരുന്ന സമയത്ത് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം പുതുക്കി പണിയാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അവരുടെ കാലാവധി അവസാനിച്ചതോടെ ശ്രമം പാതിവഴിയിൽ നിലച്ചു.  ലൈബ്രറിയുടെ ദയനീയാവസ്ഥക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com