ADVERTISEMENT

അമ്പലപ്പുഴ ∙ സുദേവന്റെയും വിനീതയുടെയും മകൻ ആദി എസ്. ദേവിന്റെയും ചേതനയറ്റ ശരീരം ഒന്നിനു പിറകെ ഒന്നായി പുറക്കാട് ആനന്ദേശ്വരം കിഴക്ക് കളത്തിൽപറമ്പിൽ വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ നാട് ഒന്നാകെ മരവിച്ച നിലയിലായിരുന്നു. അപകടത്തിൽ ഒരു കുടുംബം ഇല്ലാതായതിന്റെ നടുക്കം ഗ്രാമത്തെ പിടിച്ചു കുലുക്കി. വിനീതയുടെ മൃതദേഹം കൂടി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രി ഹാളിൽ പൊതുദർശനത്തിനു വച്ചു സൂപ്രണ്ട് ഡോ.എ. അബ്ദുൽസലാം, ഡോക്ടർമാർ , ജീവനക്കാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.ഞായറാഴ്ച രാവിലെ പുറക്കാട് ജംക്‌ഷനു സമീപം കുടുംബം സഞ്ചരിച്ച ബൈക്ക് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിലാണ് വി.സുദേവ് (42), ഭാര്യ വിനീത്(32) മകൻ ആദി എസ്. ദേവ് (12) എന്നിവർ മരിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വിലാപയാത്രയായി 3 ആംബുലൻസുകളിലാണ് 3 പേരുടെയും മൃതദേഹം വീട്ടിലേക്കെത്തിച്ചത്. പ്രാർഥനകൾക്ക് ശേഷം കുടുംബവീട്ടിൽ പ്രത്യേകം തയാറാക്കിയ 3 ചിതകളിലായി മൃതദേഹങ്ങൾ സംസ്കരിച്ചത്.ബന്ധു ജി. കണ്ണൻ ചിതയ്ക്ക് തീ കൊളുത്തി. സുദേവിന്റെ മാതാവ് സൂനമ്മയും വിനീതയുടെ മാതാപിതാക്കളായ കുട്ടനും വത്സലയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എല്ലാത്തിനും സാക്ഷിയായി. അമ്പലപ്പുഴ ഭാഗത്തേക്ക് വന്ന ഇവരുടെ ബൈക്കിലേക്ക് പുന്നപ്ര പുതുവൽ പ്രകാശൻ (50) ഓടിച്ചിരുന്ന സൈക്കിൾ തട്ടി. നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ലോറിയുടെ അടിയിലേക്ക് വീണു.കാൽനട യാത്രക്കാരൻ പുറക്കാട് പുതുവൽ മണിയനെ (65) രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് സൈക്കിൾ ബൈക്കിൽ തട്ടുന്നത്.

പരുക്കേറ്റ പ്രകാശനും മണിയനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബൈക്ക് അമ്പലപ്പുഴ ഭാഗത്തേക്കും ലോറി കായംകുളം ഭാഗത്തേക്കും പോവുകയായിരുന്നു. സുദേവൻ സംഭവ സ്ഥലത്തും ആദി മെഡിക്കൽ കോളജ് ആശുപത്രിയിലും വിനീത തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി 9നും മരിച്ചു.മന്ത്രി സജി ചെറിയാൻ, യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ, എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ്, എൻഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രൻ, എച്ച്.സലാം എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമീദ് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനാണ് സുദേവ്. പുന്നപ്ര ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിയാണ് ആദി എസ്. ദേവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com