ഇതാണ് വിജയകുമാറിന്റെ ജീവന് വിലയിട്ട വഴി; തോട്ടങ്കരയിൽ റോഡിന് ‘ജീവൻ’ എന്നും അർഥമുണ്ട്

Mail This Article
അമ്പലപ്പുഴ ∙ അസുഖ ബാധിതരെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കാൻ സഞ്ചാര യോഗ്യമല്ലാത്ത പാത കഞ്ഞിപ്പാടം തോട്ടങ്കര നിവാസികളുടെ തീരാ ദുരിതമായി മാറുന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോ പോലും പ്രദേശത്തേക്ക് വരാറില്ല. ചികിത്സ വൈകിയതിനെ തുടർന്ന് കഞ്ഞിപ്പാടം പന്ത്രണ്ടിൽ ചിറയിൽ വിജയകുമാർ തിങ്കളാഴ്ച മരിച്ചു.
നെഞ്ചു വേദന ഉണ്ടായ ഇദ്ദേഹത്തെ നാട്ടുകാർ താങ്ങിയെടുത്താണ് കാട്ടുകോണം പാടശേഖരത്തിന്റെ പുറം ബണ്ടിൽ എത്തിച്ചത്. അവിടെ നിന്നും ഓട്ടോയിൽ കൊപ്പാറക്കടവിൽ കൊണ്ടുവന്ന ശേഷമാണ് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് വിജയകുമാർ മരണത്തിനു കീഴടങ്ങി. 5 മാസം മുൻപ് മൂലയിൽചിറയിൽ ശശി(55)യും പാടശേഖര ബണ്ടിൽ നിന്നു വീണു മരിച്ചു. കർഷക തൊഴിലാളിയായ ശശി ജോലി കഴിഞ്ഞു വീട്ടിലേക്കു ആവശ്യമായ സാധനങ്ങളുമായി വരികയായിരുന്നു.
പാടശേഖരത്തിൽ വീണു മണിക്കൂറുകൾ കഴിഞ്ഞാണ് പ്രദേശവാസികൾ അറിയുന്നത്. പാതയുടെ പോരായ്മയാണ് ശശിയുടെ ജീവനും അപഹരിച്ചത്. കാട്ടുകോണം പാടശേഖരത്തിൽ നിന്നു കൊയ്തെടുക്കുന്ന നെല്ല് റോഡിൽ എത്തിക്കുന്നത് നീർക്കുന്നം തോടു വഴി വള്ളത്തിലാണ്. തോടു പൂർണമായും പായൽ തിങ്ങി നിറഞ്ഞ നിലയിലാണ്. നെല്ലുമായി വരുന്ന വള്ളം കയർ വലിച്ചു കൊണ്ടാണ് തൊഴിലാളികൾ റോഡിന് സമീപം എത്തിക്കുന്നത്. തോട്ടങ്കര നിവാസികൾ യാത്രാ ദുരിതം ഒട്ടേറെ തവണ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടു വന്നെങ്കിലും തീരുമാനം വൈകുകയാണ്.