ADVERTISEMENT

മാവേലിക്കര ∙ ജലവിതരണത്തിനുള്ള പ്രധാന പൈപ്പ് പൊട്ടി, നഗരത്തിലും പരിസര പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടു. ഇന്നു ജലവിതരണം മുടങ്ങുമെന്ന് ഔദ്യോഗിക അറിയിപ്പ്. കഴിഞ്ഞ ദിവസമാണു ജലഅതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റ് വളപ്പിലെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയത്. ഇതേത്തുടർന്നു ജലവിതരണം തടസ്സപ്പെട്ടു.

ജലസംഭരണിയിൽ നിലവിലുള്ള മുഴുവൻ വെള്ളവും ഒഴുകി മാറിയാൽ മാത്രമേ നവീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്താനാവൂ എന്നതിനാൽ ഇന്നലെ പൂർണമായ രീതിയിൽ തകരാർ പരിഹരിക്കാനായില്ല. ഇന്നു പൈപ്പ് പൊട്ടിയതു പരിഹരിക്കുന്നതിനായി നഗരസഭ അതിർത്തിയിൽ പൂർണമായും തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും.

അര നൂറ്റാണ്ടോളം പഴക്കമുള്ള ജലവിതരണ പൈപ്പുകളാണു നഗരത്തിലും പരിസരത്തും ഉള്ളത്. കാലപ്പഴക്കം മൂലം പൈപ്പ് പൊട്ടി ശുദ്ധജല വിതരണം മുടങ്ങുന്നത് പതിവാണ്. നഗരവാസികളിൽ ഭൂരിപക്ഷവും ജലഅതോറിറ്റിയുടെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അതു മുടങ്ങിയാൽ വെള്ളത്തിനായി നഗരവാസികൾ ദുരിതത്തിലാകുക പതിവാണ്.ജലവിതരണം തടസ്സപ്പെടുന്നതു സംബന്ധിച്ച് ഒട്ടേറെ സമരങ്ങൾ നടന്നിട്ടുണ്ട്. ഓരോ സമര സമയത്തും വലിയ പ്രഖ്യാപനം ഉണ്ടാകുന്നതല്ലാതെ നടപടി മാത്രം അകലെയാണ്. പരാതി ഉയരുമ്പോൾ ഇപ്പോ ശരിയാകും എന്ന സ്ഥിരം പല്ലവി കേട്ടു മാവേലിക്കരക്കാർ മടുത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com