ADVERTISEMENT

ആലപ്പുഴ ∙ മത്സ്യം ഇല്ലാതെ  ജില്ലയിലെ കടൽത്തീരം വറുതിയിൽ. സാധാരണ മേടമാസത്തിൽ കടലിൽ ഇതുപോലെ മത്സ്യക്ഷാമം ഉണ്ടാകാറില്ല. ഇടവം, കർക്കിടകം മാസങ്ങളിലാണ് മത്സ്യക്ഷാമവും കടലാക്രമണവും തുടങ്ങുക. എന്നാൽ, രണ്ടാഴ്ചയ്ക്കകം ഉണ്ടായ കടൽകയറ്റവും തുടർന്നുണ്ടായ മത്സ്യ ക്ഷാമവും ജില്ലയിലെ മത്സ്യബന്ധന മേഖലയെ തളർത്തി. താങ്ങായി നിൽക്കേണ്ട സർക്കാർ ആശ്വാസ നടപടികൾ സ്വീകരിച്ചില്ലെന്നാണ് തീരദേശത്തുള്ളവരുടെ സങ്കടം.  

വലിയഴീക്കൽ അഴീക്കോടൻ നഗർ, ബസ് സ്റ്റാൻഡ്, തൃക്കുന്നപ്പുഴ പ്രണവം, കോട്ടമുറി, ഗെസ്റ്റ് ഹൗസ്, പാനൂർ, പുന്തല, പുറക്കാട്, കാക്കാഴം, ആലപ്പുഴ ബീച്ച്, അർത്തുങ്കൽ, തൈക്കൽ, ഒറ്റമശേരി, അന്ധകാരനഴി, പള്ളിത്തോട് കടൽതീരങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾ  സർക്കാർ തിട്ടപ്പെടുത്തിയിട്ടില്ല. പിന്നീട് പല ദിവസങ്ങളിലും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം   കടലാക്രമണ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നു മത്സ്യത്തൊഴിലാളികൾക്ക് പണിക്ക് പോകാൻ സാധിച്ചില്ല.

വലിയ വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും 5000 രൂപ യാത്രാച്ചെലവായും 25000 മുതൽ 30000 രൂപ വരെ ഇന്ധനത്തിനും മുടക്കി മത്സ്യബന്ധനത്തിനു പോയെങ്കിലും ലഭിച്ച മത്സ്യം 10,000–15000 രൂപയിൽ കൂടുതൽ ഉണ്ടായിരുന്നില്ല. ഓയിൽ ഉൾപ്പെടെ ഒരു ലീറ്റർ മണ്ണെണ്ണ 150 രൂപ പ്രകാരമാണ് വാങ്ങിയത്. അയ്യായിരം രൂപ മുടക്കി നിർമിക്കുന്ന പൊന്ത് വള്ളം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ പട്ടിണി മാറ്റുന്ന ജീവനോപാധിയാണ്. പക്ഷേ പൊന്ത് ഇറക്കിയിട്ട് കറിക്കുള്ള മീൻ പോലും കിട്ടുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ കടലിൽ മത്സ്യസമ്പത്ത് കുറയുന്നതാണ് മത്സ്യത്തൊഴിലാളികളുടെ അനുഭവം. ഈ പ്രശ്നം  പഠിക്കാനോ പരിഹാരം കണ്ടെത്താനോ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ല. ഈ നില തുടർന്നാൽ പരമ്പരാഗത മത്സ്യബന്ധനം പ്രതിസന്ധിയിലാകും. ഈ മേഖലയെ ഇല്ലാതാക്കാൻ സർക്കാരുകൾ ബോധപൂർവം ശ്രമിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com