ADVERTISEMENT

എടത്വ ∙ ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കുട്ടനാട്ടിൽ താറാവു വിപണിയിൽ വീണ്ടും ആശങ്ക. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ രണ്ടു സ്ഥലങ്ങളിൽ മാത്രമാണിപ്പോൾ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് എങ്കിലും മറ്റു കർഷകരും ആശങ്കയിലാണ്. താറാവുകൾ മുട്ടയിടുന്ന സമയമാണിത്. ഇതിൽ നിന്നുള്ള ലാഭം പ്രതീക്ഷിച്ചാണ് കർഷകർ താറാവുകളെ വളർത്തുന്നത്. താറാവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതാണ് നഷ്ടത്തിനു കാരണം എന്നാണ് കർഷകർ പറയുന്നത്.

ചെറുതും വലുതുമായ ആയിരത്തോളം വിപണന കേന്ദ്രങ്ങളാണ് കുട്ടനാട്ടിൽ ഉള്ളത്. ആലപ്പുഴ– ചങ്ങനാശേരി , എടത്വ –വീയപുരം, കിടങ്ങറ–നീരേറ്റുപുറം തുടങ്ങിയ പ്രധാന നിരത്തുകൾ, നദികൾ, തോടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇറച്ചിത്താറാവു വിൽപന നടക്കുന്നത്. ഒറ്റദിവസം കൊണ്ട് വിൽപന കുറഞ്ഞു. പുഞ്ചക്കൃഷി കഴിഞ്ഞ സമയമായതിനാൽ കുട്ടനാട്ടിലെ പാടശേഖരങ്ങൾ കേന്ദ്രീകരിച്ച് പതിനായിരക്കണക്കിനു താറാവുകളെയാണു എത്തിച്ചിട്ടുള്ളത്. ഈ സമയത്താണ് താറാവുകളെ കൈമാറ്റം ചെയ്യുന്നത്.

പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ വ്യാപാരം നിലച്ചിരിക്കുകയാണ്. ഇതോടെ താറാവുകളെ ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് കർഷകർ. ഇതിനെല്ലാം കാരണമായി കർഷകർ പറയുന്നത് താറാവു കർഷകർക്ക് സർക്കാർ തലത്തിൽ സംരക്ഷണം ഇല്ല എന്നതാണ്. ജില്ലയിൽ ഉള്ള താറാവുകൾക്ക് അനുസരിച്ച് പ്രതിരോധ മരുന്നില്ല എന്നാണ് കർഷകർ പറയുന്നത്.

തിരുവനന്തപുരം പാലോട്ടാണ് താറാവുകൾക്കുള്ള പ്രതിരോധ മരുന്ന് ഉൽപാദിപ്പിക്കുന്നത്. പാസ്റ്റർ സോസ്, ഡക്പ്ലേഗ് വാക്സീൻ എന്നിവയാണ് പാലോട്ട് നിന്നും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. ഇത് ആവശ്യത്തിനു ലഭിക്കാത്തതിനാൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും എത്തിച്ച് കുത്തിവയ്പ് എടുക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും മരുന്നിന്റെ ലഭ്യതക്കുറവു കാരണം കുത്തിവയ്പ് എടുക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.

34 തദ്ദേശ സ്ഥാപനങ്ങളിൽ താറാവ്, കോഴി ഇറച്ചി, മുട്ട എന്നിവയ്ക്ക് 25 വരെ നിരോധനം
ആലപ്പുഴ ∙ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയ്ക്കു പുറമേ കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഉൾപ്പെടെ 34 തദ്ദേശ സ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വിപണനം നിരോധിച്ചു. ആലപ്പുഴയിൽ കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, തലവടി, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുന്നപ്ര തെക്ക്, പുറക്കാട്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചിങ്ങോലി, ചേപ്പാട്, ചെന്നിത്തല, കരുവാറ്റ, ഹരിപ്പാട്, മാന്നാർ, കാർത്തികപ്പള്ളി, പള്ളിപ്പാട്, എടത്വ എന്നീ പഞ്ചായത്തുകളിലാണ് നിരോധനം.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ കടപ്ര, നെടുമ്പ്ര, പെരിങ്ങര, നിരണം എന്നീ പഞ്ചായത്തുകളിലും നിരോധനമുണ്ട്. ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട തുടങ്ങിയ വളർത്തുപക്ഷികളുടെയും ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെയും ഉപയോഗവും വിപണനവും കടത്തലും 25 വരെ നിരോധിച്ച് കലക്ടർ ഉത്തരവായി. കുട്ടനാട്, കാർത്തികപ്പള്ളി തഹസിൽദാർമാരും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും സ്ക്വാഡ് രൂപീകരിച്ചു പരിശോധനകൾ നടത്തും.

24 മണിക്കൂർ കൺട്രോൾ റൂം
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. നമ്പർ 0477- 2252636.

താറാവുകളെ കൊന്നു മറവുചെയ്യാൻ 4 വീതം ദ്രുതകർമസേനകൾ
ആലപ്പുഴ∙ ചെറുതനയിലും എടത്വയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ പക്ഷികളെ ഇന്നു കൊന്നു മറവു ചെയ്യുന്നത് 4 വീതം ദ്രുതകർമസേനകൾ. ചെറുതന മൂന്നാം വാർഡിൽ താനക്കണ്ടത്തിൽ ദേവരാജന്റെ 15,000 താറാവുകളിൽ 171 എണ്ണവും ചിറയിൽ രഘുനാഥന്റെ 2,000 താറാവുകളിൽ 238 എണ്ണവും ചത്തു എന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. എന്നാൽ 1350 ലേറെ താറാവുകൾ ചത്തെന്നു കർഷകർ പറയുന്നു. എടത്വ ഒന്നാം വാർഡിൽ വളർത്തിയിരുന്ന, കണ്ടങ്കരി സ്വദേശി ഏബ്രഹാം ഔസേഫിന്റെ 7,500 താറാവുകളിൽ 3,000 എണ്ണം ചത്തിരുന്നു. എടത്വയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ എടത്വ, ചമ്പക്കുളം പഞ്ചായത്തുകളിലായി 22 വീടുകളിലെ 371 പക്ഷികളെയും കൊന്നു മറവു ചെയ്യും.

ചെറുതനയിൽ 5 വീടുകളിലേതായി 67 പക്ഷികളെയും കൊന്നൊടുക്കും. കൊന്നൊടുക്കുന്ന പക്ഷികളെ കത്തിച്ചാണു മറവു ചെയ്യുന്നത്. 60 ദിവസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്ക് 100 രൂപ വീതവും 60 ദിവസത്തിൽ കൂടുതൽ പ്രായമുള്ള താറാവുകൾക്ക് 200 രൂപ വീതവുമാണു നഷ്ടപരിഹാരം ലഭിച്ചിരുന്നത്. ഇത്തവണത്തെ നഷ്ടപരിഹാരത്തുക നിശ്ചയിച്ചിട്ടില്ല. ദേവരാജന്റെ താറാവുകൾക്കു 171 ദിവസവും രഘുനാഥന്റെ താറാവുകൾക്ക് 59 ദിവസവും ഏബ്രഹാമിന്റെ താറാവുകൾക്ക് 54 ദിവസവുമാണു പ്രായം.

English Summary:

Kuttanad's Duck Market in Disarray: Bird Flu Outbreak Triggers Alarm Among Farmers During Peak Laying Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com