യുഡിഎഫ് പ്രചാരണ ആവേശം ഇരട്ടിയാക്കി ‘രേവന്ത് ഷോ’
Mail This Article
കായംകുളം∙ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ ആവേശം ഇരട്ടിയാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലുമായി തുറന്ന ജീപ്പിൽ ഇന്നലെ വൈകിട്ട് 4.45 ന് ഷെഹീദാർ പള്ളി ജംക്‌ഷനിൽ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയും പ്രവർത്തകർ ആവേശഭരിതരായി. ഷെഹീദാർ പള്ളി ജംക്‌ഷൻ മുതൽ കോൺഗ്രസ്ഭവൻ വരെ ഒന്നര കിലോമീറ്ററോളമാണ് റോഡ് ഷോ നടന്നത്. ഓച്ചിറ വരെ റോഡ് ഷോ നടത്താനായിരുന്നു ആദ്യത്തെ തീരുമാനം. കോൺഗ്രസ് ഭവന് സമീപത്തെത്തിയപ്പോൾ മോശം കാലാവസ്ഥയും സമയക്കുറവും കാരണം റോഡ് ഷോ അവസാനിപ്പിക്കുകയായിരുന്നു.
പ്രവർത്തകർ റോഡ്ഷോ നടത്തിയ വാഹനത്തിന് മുന്നിൽ തിക്കിത്തിരക്കിയതിനാൽ നിശ്ചയിച്ചതിലും ഏറെ സമയമെടുത്താണ് മേടമുക്ക് ജംക്‌ഷൻ വരെയെത്തിയത്. റോഡിനിരുവശവും കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൈവീശി രേവന്ത്റെഡിക്ക് അഭിവാദ്യമർപ്പിച്ചു. കോൺഗ്രസ് ഭവന് സമീപം റോഡ് ഷോ സമാപിച്ചതോടെ അവിടെ നിന്ന് കാറിൽ ഓച്ചിറയിലെ സമ്മേളന സ്ഥലത്തേക്ക് പോയി. കെപിസിസി സെക്രട്ടറി കെ.പി.ശ്രീകുമാർ, ഇ.സമീർ, എൻ. രവി, യു.മുഹമ്മദ്, എ.എം. കബീർ, ചിറപ്പുറത്ത് മുരളി, ടി.സൈനുലാബ്ദീൻ, ശ്രീജിത്ത് പത്തിയൂർ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.