കടൽമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞു; കായൽ മത്സ്യങ്ങൾക്ക് പ്രിയമേറുന്നു
Mail This Article
തുറവൂർ∙ കടൽമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ കായൽ മത്സ്യങ്ങൾക്ക് പ്രിയമേറുന്നു. മത്സ്യപാടങ്ങളാൽ സമൃദ്ധമായ പട്ടണക്കാട് ബ്ലോക്ക് പരിധിയിലുള്ള ചെമ്പകശേരി, തുറവൂർ കരി, പള്ളിത്തോട് കരി, എഴുപുന്ന മേഖലയിലുള്ള അയ്യായിരത്തിലേറെ ഹെക്ടർ പാടശേഖരത്തിൽ പകുതിയിലേറെ പാടശേഖരങ്ങളിലും മത്സ്യക്കൃഷി വിട്ടൊഴിയുന്ന സമയമാണിത്. കടലിന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന പൊക്കാളി പാടങ്ങളാണ് കൂടുതലും. 20 വർഷം മുൻപുവരെ പൊക്കാളി കൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു. എന്നാൽ, നെൽക്കൃഷി മാത്രം നടത്തിയാൽ കാര്യമായ നേട്ടമില്ലാത്തതിനാൽ നെൽക്കൃഷി പൂർണമായും ഉപേക്ഷിച്ചു.
മത്സ്യകൃഷി ചെയ്യുന്ന ഇവിടെ സാധാരണ മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും നടത്തുന്ന മത്സ്യ ഉത്സവമാണ് കെട്ടുകലക്കൽ. ഓരോ പാടശേഖരങ്ങളിലും മത്സ്യക്കൃഷിയുടെ കാലാവധി അവസാനിക്കുന്ന സമയത്താണ് കെട്ടുകലക്കൽ.മത്സ്യക്കൃഷി പാടശേഖരങ്ങളിൽ നിന്നു തൊഴിലാളികൾക്ക് ലഭിക്കുന്ന മത്സ്യങ്ങൾ എഴുപുന്ന, ചാവടി, പള്ളിത്തോട്, ഹേലാപുരം തുടങ്ങിയ മത്സ്യ മാർക്കറ്റുകളിലാണു എത്തുന്നത്. കരിമീൻ, ചെമ്മീൻ, കാളാഞ്ചി, തിരുത, തിലാപ്പിയ, പൂമീൻ, കൂരി തുടങ്ങിയ മത്സ്യങ്ങൾ ഇവിടെ ലഭിക്കും. കടൽമീൻ ലഭ്യത കുറഞ്ഞതോടെ കായൽ മത്സ്യങ്ങൾക്ക് തീ വിലയാണ്. മീൻ വാങ്ങാൻ വിവിധ ജില്ലകളിൽനിന്നുപോലും ആവശ്യക്കാർ ഇവിടെയെത്താറുണ്ട്.