ADVERTISEMENT

ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിന്ന ചിത്തിര ഉത്സവം ആറാട്ടോടെ സമാപിച്ചു. വൈകിട്ട് ആറാട്ട് എഴുന്നള്ളത്തിനു മുന്നോടിയായി വാഹനപൂജ നടന്നു. കൊടിമരച്ചുവട്ടിൽ ആനയെ ഇരുത്തി വാഹനപൂജ നടത്തിയാണ് ദേവനെ അതിന്റെ പുറത്ത് ആറാട്ടിനായി എഴുന്നള്ളിച്ചത്. ആനയെ സുബ്രഹ്മണ്യ വാഹനമായ മയിലാക്കി മാറ്റുന്ന സങ്കൽപ്പത്തിലാണ് വാഹന പൂജ. 

ഇൗ സമയം കൊടിമരച്ചുവട്ടിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പറ സമർപ്പിച്ചു. തുടർന്ന് എഴുന്നള്ളത്ത് കിഴക്കേ ഗോപുരത്തിൽ കൂടി കിഴക്കോട്ട് ഇറങ്ങി ബലി തൂകി ആറാട്ടിനായി ക്ഷേത്രം വിട്ട് യാത്രയാകുന്ന വിവരം ദ്വാരപാലകരെ ധരിപ്പിക്കുന്ന ചടങ്ങ് നടന്നു. അകത്ത് കടന്ന് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് എത്തിയ വേലായുധ സ്വാമിയെ ഗോശാല കൃഷ്ണനും, കീഴ്കോവിൽ ദേവനും അനുഗമിച്ചു. പടിഞ്ഞാറേ ഗോപുരം വഴി കരുവാറ്റക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടുന്നതിനു മുൻപ് കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

രാജഭരണകാലം മുതൽ തുടരുന്ന ആചാരമാണിത്. ആറാട്ട് എഴുന്നള്ളത്ത് പോകുന്ന വഴിയിൽ ഭക്തർ നിറപറയും നിലവിളക്കും വച്ച് സ്വീകരിച്ചു. ദേശീയപാതയിലൂടെ വഴിയമ്പലം വഴി രാത്രി കരുവാറ്റാക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ആറാട്ട് നടത്തി. ആറാട്ടിനു ശേഷം തിരികെ വരുമ്പോൾ ആമ്പക്കാട്ട് കുടുംബത്തിലെ അൻപൊലി സ്വീകരിച്ചു. വിഷുദിനത്തിലെ പ്രധാന കൊടിയേറ്റ് കൂടാതെ മൂന്നാം ഉത്സവത്തിന് മൂല സ്ഥാനമായ കീഴ്‌തൃക്കൊവിലിലും അഞ്ചാം ഉത്സവത്തിന് ഉപദേവനായ തിരുവാമ്പാടിയിലും കൊടിയേറുന്നത് ചിത്തിര ഉത്സവത്തിന്റെ പ്രത്യേകതയാണ്.

 കരുവാറ്റക്കുളങ്ങര ക്ഷേത്രത്തിൽ ആറാട്ടുകളെല്ലാം ഒന്നിച്ചാണ് നടത്തുന്നത്. വർഷത്തിൽ മൂന്നു തവണ കൊടിയേറ്റോടും ആറാട്ടോടും കൂടി പത്ത് ദിവസത്തെ ഉത്സവം നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം. വിഷുവിന് കൊടിയേറുന്ന ചിത്തിര ഉത്സവമാണ് ഏറ്റവും പ്രധാനം. ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ആറാട്ടു വരത്തക്കവിധം പത്തു ദിവസം മുൻപ് കൊടിയേറി തുടങ്ങുന്ന ആവണി ഉത്സവം. ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടു വരത്തക്കവിധം ആഘോഷിക്കുന്ന മാർകഴി ഉത്സവം എന്നിവയാണ് മറ്റ് ഉത്സവങ്ങൾ.

ആറാട്ട് എഴുന്നള്ളത്ത്  പുറപ്പെടാൻ വൈകി
ഹരിപ്പാട് ∙ ആനയെ എഴുന്നെള്ളിക്കുന്നതിലെ തർക്കം ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടാൻ ഒന്നര മണിക്കൂർ വൈകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയെ മാറ്റി സ്വകാര്യ വ്യക്തി സ്പോൺസർ ചെയ്ത ആനയ്ക്ക് ഒന്നാം ചട്ടം നൽകണമെന്ന് ഉപദേശക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. ദേവസ്വം ബോർഡ് ആനകളിൽ വലിപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള തൃക്കടവൂർ ശിവരാജു എന്ന കൊമ്പനെയാണ് ഒന്നാം ചട്ടം എഴുന്നള്ളിക്കാനായി ദേവസ്വം ബോർഡ് എത്തിച്ചത്. 

ഒരു ദിവസം 8 ലക്ഷം രൂപയ്ക്ക് എഴുന്നള്ളത്തിനു പോകുന്ന തലയെടുപ്പുള്ള ആനയാണിത്. വൈകിട്ട് ആറാട്ടിനായി ശിവരാജുവിനെ നെറ്റിപ്പട്ടം കെട്ടി ക്ഷേത്രത്തിനു സമീപം നിർത്തിയതോടെ സ്വകാര്യ വ്യക്തി സ്പോൺസർ ചെയ്ത 3 ആനകൾ എഴുന്നള്ളത്തിൽ നിന്നു പിൻമാറി. ഇതോടെ എഴുന്നള്ളത്ത് അനിശ്ചിതത്വത്തിലായി. ആറാട്ട് എഴുന്നള്ളത്തിന് 3 ആനകളാണ് വേണ്ടത്. വിവരം അറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ ക്ഷേത്രത്തിലെത്തി. ഉപദേശക സമിതി ഭാരവാഹികളുമായി ചർച്ച നടത്തി. ശിവരാജുവിന് ഒന്നാം ചട്ടം നൽകരുതെന്ന നിലപാടിൽ ഉപദേശക സമിതി ഉറച്ചു നിന്നു.

ആറാട്ട് എഴുന്നള്ളത്ത് കാണാൻ എത്തിയ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്ര പരിസരത്ത് മണിക്കൂറുകളായി കാത്തു നിൽക്കുകയായിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തി സ്പോൺസർ ചെയ്ത ആനയ്ക്ക് ഒന്നാം ചട്ടം നൽകുകയും ശിവരാജുവിനെ ആറാട്ട് എഴുന്നള്ളത്തിൽ നിന്നു ഒഴിവാക്കുകയും ചെയ്തു. തുടർന്നു ആറാട്ട് ഘോഷയാത്ര പുറപ്പെടാൻ തുടങ്ങിയതോടെ കനത്ത മഴ ആരംഭിച്ചു. ഇതു മൂലം പിന്നെയും വൈകിയാണ് ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com