ADVERTISEMENT

ആലപ്പുഴ∙ ‘നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകാനും ശോഭ സുരേന്ദ്രനെ പാർലമെന്റിൽ കാണാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ ശബ്ദം പോരാ...’അമിത് ഷായുടെ വാക്കുകൾക്കു മറുപടിയായി അണികളുടെ ആരവം കൂടുതൽ ഉച്ചത്തിലായി. പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജ് മൈതാനത്തു തിങ്ങി നിറഞ്ഞവരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓരോ വാക്കും ആവേശം നിറച്ചു. മുഷ്ടി ചുരുട്ടി ഇരുകൈകളുമുയർത്തി, തിരഞ്ഞെടുപ്പിൽ വിജയിച്ചതു പോലെ മുദ്രാവാക്യം വിളിക്കാനുള്ള ആഹ്വാനത്തിൽ അവർ ഇരമ്പിയാർത്തു. 

റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അമിത് ഷാ 11.50നാണ് പുന്നപ്രയിലെ വേദിയിലെത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ ആമുഖത്തിനു ശേഷം സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പ്രസംഗം. നരേന്ദ്ര മോദിയും അമിത് ഷായും രാമലക്ഷ്മണൻമാരെപ്പോലെയാണെന്നു ശോഭ പറഞ്ഞപ്പോൾ അമിത് ഷായുടെ മുഖത്തു ചിരി പടർന്നു. അണികളെ മുദ്രാവാക്യം വിളിപ്പിച്ചാണ് അമിത് ഷാ തുടങ്ങിയത്. മലയാളത്തിൽ പ്രസംഗിക്കാൻ കഴിയാത്തതിൽ ക്ഷമാപണം. അമ്പലപ്പുഴ, മണ്ണാറശാല, വെങ്കിടാചലപതി ക്ഷേത്രങ്ങൾക്കു പ്രണാമം. പിന്നെ ഇടതുവലതു മുന്നണികളെ മാറി മാറി  ആക്രമിച്ചു പ്രസംഗം. കേരളത്തിലെ മത്സ്യത്തൊഴിലാളികളും കർഷകരും മോദിയോടൊപ്പം മുന്നേറാൻ തയാറെടുത്തുവെന്ന് എല്ലാ സർവേകളും പറയുകയാണ്. കയർ മേഖലയ്ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് തയാറാക്കുമെന്നും അമിത് ഷാ പറഞ്ഞു.  

മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ബിജെപി ആലപ്പുഴ ലോക്സഭ കൺവീനർ വിമൽ രവീന്ദ്രൻ,‌ ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, ദേശീയ കൗൺസിൽ അംഗങ്ങളായ വെള്ളിയാകുളം പരമേശ്വരൻ, കെ.എസ് രാജൻ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, വി.എസ്.ജിതിൻദേവ്, മാലുമ്മൽ സുരേഷ്, ബി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com