ADVERTISEMENT

ആലപ്പുഴ ആവേശം
ആലപ്പുഴ മണ്ഡലത്തിലെ കലാശക്കൊട്ട് നഗരത്തിൽ മൂന്നിടത്തായിരുന്നു. എൽഡിഎഫിന്റേത് സക്കറിയ ബസാറിൽ. യുഡിഎഫിന്റേത് അൽപം തെക്ക് വട്ടപ്പള്ളിയിൽ. എൻഡിഎയുടേത് മുല്ലയ്ക്കൽ ജംക്‌ഷനിൽ. മാവേലിക്കരയിൽ യുഡിഎഫ് ബഥേൽ ജംക്‌ഷനിലും എൽഡിഎഫ് നന്ദാവനം കവലയിലും എൻഡിഎ കെഎസ്ആർടിസി ജംക്‌ഷനിലും പ്രചാരണം അവസാനിപ്പിച്ചു. മണ്ഡലം മുഴുവൻ ചുറ്റിയെത്തിയ സ്ഥാനാർഥികൾ പരസ്യപ്രചാരണം തീരാൻ മിനിറ്റുകളുള്ളപ്പോൾ മൈക്കെടുത്തു. പ്രചാരണ ഗാനങ്ങളുടെ ഒച്ചപ്പാടുകൾ അമർന്നപ്പോൾ അവർ പര്യടനങ്ങളിൽ പറഞ്ഞതെല്ലാം ഓർമിപ്പിച്ചു. മിക്ക കണ്ണുകളും വാച്ചിലും ഫോണിലും നോക്കി നേരമെണ്ണി. ആറടിച്ചപ്പോൾ കൊടികളും ഒച്ചകളും താഴ്ന്നു.

എ.എം.ആരിഫ് 
സക്കറിയ ബസാറിൽ ഉച്ച മുതൽ രൂപംകൊണ്ട ആവേശത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് വൈകിട്ട് 5.30ന് എത്തി. പ്രവർത്തകരുടെ തോളിലേറി തുറന്ന വാഹനത്തിൽ ലാൻഡ് ചെയ്തു. അവിടെ മന്ത്രി പി.പ്രസാദും എംഎൽഎമാരായ പി.പി.ചിത്തരഞ്ജനും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും ഒപ്പം നിന്നു. പാട്ടിനൊത്തു ചെറുതായി ചുവടുവച്ചു. 5.45നു സ്ഥാനാർഥി മൈക്കെടുത്തു. പോരാട്ടം ഫാഷിസത്തോടും വല്ലപ്പോഴും വന്നു പ്രസ്താവനയിറക്കി മടങ്ങുന്നവരോടുമാണെന്ന് ഓർമപ്പെടുത്തൽ. അഞ്ചു മിനിറ്റുള്ളപ്പോൾ പ്രവർത്തകർ ആരിഫിനെ തോളേറ്റി. വാഹനത്തിൽ മന്ത്രി പി.പ്രസാദും എച്ച്.സലാമും പി.പി.ചിത്തരഞ്ജനും ആർ.നാസറും ആവേശമേറ്റി. സ്ഥാനാർഥി തോളുകളിൽ പര്യടനം നടത്തുമ്പോൾ എച്ച്.സലാം മുദ്രാവാക്യം വിളിച്ചു കൊടുത്തു: ആലപ്പുഴയുടെ മണിമുത്തേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ... കൊടികൾ താഴ്ന്ന്, ഒച്ചകൾ അടങ്ങിയപ്പോൾ സ്ഥാനാർഥിയും നേതാക്കളും സമീപത്തെ കടയിൽ ചായ കുടിക്കാൻ കയറി. 

കെ.സി.വേണുഗോപാൽ
ആലപ്പുഴയിൽ തുടങ്ങി ആലപ്പുഴയിൽ അവസാനിച്ച പത്തര മണിക്കൂർ മണ്ഡലപ്രദക്ഷിണം; പിന്നെ പതിവു തെറ്റിക്കാതെ വട്ടപ്പള്ളിയിലെ ആവേശപ്പൂരം. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ പ്രചാരണ സമാപനത്തിൽ പ്രവർത്തകരുടെ ഓരോ ചുവടിലും ആവേശത്താളം. രാവിലെ 7നു പഴവീട്ടിൽ നിന്നാരംഭിച്ച കെ.സിയുടെ റോഡ്ഷോ അമ്പലപ്പുഴയും ഹരിപ്പാടും കായംകുളവും കടന്നു കരുനാഗപ്പള്ളിയെത്തി. പിന്നെ അഴീക്കൽ ആറാട്ടുപുഴ വഴി തീരദേശ റോഡിലൂടെ തുറവൂരിലേക്ക്. ചേർത്തല, തണ്ണീർമുക്കം ബണ്ട്, മുഹമ്മ വഴി വീണ്ടും ആലപ്പുഴയിലേക്ക്. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ കെ.സിയുടെ പ്രചാരണത്തിന്റെ കലാശക്കൊട്ട് വട്ടപ്പള്ളിയിലാണ്. വൈകിട്ട് 3.30മുതൽ കോൺഗ്രസ് പ്രവർത്തകർ വട്ടപ്പള്ളിയിലേക്കൊഴുകി. 5.30ന് കെ.സിയുടെ പ്രചാരണവാഹനമെത്തി. റോഡ് കാണാനാവാത്ത വിധം ജനം. പ്രവർത്തകരുടെ ചുമലിലേറി വേദിയിലേക്ക്. ആ കാഴ്ച കണ്ട് ആവേശഭരിതരായി അണികൾ ആർത്തുവിളിച്ചു–കേസീ കേസീ.10 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും മുതൽ മുഖ്യമന്ത്രിക്കു വരെ മറുപടി. കൃത്യം ആറിന് പ്രസംഗം അവസാനിച്ചെങ്കിലും വട്ടപ്പള്ളിയിലെ ആൾക്കടലിലെ തിരടയങ്ങാൻ ഒരു മണിക്കൂറിലേറെയെടുത്തു.

ശോഭ സുരേന്ദ്രൻ
മുല്ലയ്ക്കൽ തെരുവിനെ പൂരപ്പറമ്പു പോലെയാക്കിയാണ് എൻഡിഎ സ്ഥാനാർ‍ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണം അവസാനിച്ചത്. കളർകോട്ടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ നിന്നു റോഡ്ഷോ നടത്തി ശോഭ സുരേന്ദ്രൻ എത്തി. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിന് മുന്നിൽ നിന്നു വാദ്യങ്ങളും കാവടിയാട്ടവും കൂടെച്ചേർന്നു. നരേന്ദ്ര മോദിക്കും ബിജെപിക്കും ശോഭ സുരേന്ദ്രനും പ്രവർത്തകരുടെ ജയ് വിളി. വാദ്യങ്ങളുടെ താളത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിന്റെ ആർപ്പുവിളി. സിനിമ, സീരിയൽ താരം നിധിൻ ജോസഫും തുടക്കം മുതൽ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

1. മാവേലിക്കര ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചു ചെങ്ങന്നൂരിൽ നടന്ന കലാശക്കൊട്ടിൽ എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.  2. മാവേലിക്കര ലോക്സഭ മണ്ഡലം പ്രചാരണത്തിന് സമാപനം കുറിച്ചു ചെങ്ങന്നൂരിൽ നടന്ന കലാശക്കൊട്ടിൽ പ്രവർത്തകരുടെ ആവേശത്തിനൊപ്പം കൊടിവീശുന്ന യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്. 3. മാവേലിക്കര ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചു ചെങ്ങന്നൂരിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രങ്ങൾ: മനോരമ
1. മാവേലിക്കര ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചു ചെങ്ങന്നൂരിൽ നടന്ന കലാശക്കൊട്ടിൽ എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. 2. മാവേലിക്കര ലോക്സഭ മണ്ഡലം പ്രചാരണത്തിന് സമാപനം കുറിച്ചു ചെങ്ങന്നൂരിൽ നടന്ന കലാശക്കൊട്ടിൽ പ്രവർത്തകരുടെ ആവേശത്തിനൊപ്പം കൊടിവീശുന്ന യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്. 3. മാവേലിക്കര ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചു ചെങ്ങന്നൂരിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രങ്ങൾ: മനോരമ

മാവേലിക്കര ആരവം
മാവേലിക്കര മണ്ഡലത്തിന്റെ വീറും വാശിയും മുഴുവൻ ചെങ്ങന്നൂർ ടൗൺ കവിഞ്ഞു. ഉച്ച മുതൽ റോഡുകൾ പിടിച്ചെടുത്ത വാഹനങ്ങളും പ്രവർത്തകരും വൈകിട്ട് 6 വരെ ചൂടും ക്ഷീണവും മറന്നു നിന്നു. ഇടയ്ക്കിടെ പോപ്പർ ബ്ലാസ്റ്ററുകൾ വർണക്കടലാസു തുണ്ടുകൾ ചീറ്റിയപ്പോൾ സ്പീക്കറുകൾ പൊട്ടുംവിധം ഉയർന്ന പാട്ടുകൾക്കു മീതേ ആരവങ്ങളുയർന്നു. എംസി റോഡിൽ കൊടികളും ബലൂണുകളും പാറിക്കളിച്ചു. സ്ഥാനാർഥികളുടെ ചെറു കട്ടൗട്ടുകൾ ഒപ്പം തുള്ളി. നന്ദാവനം ജംക്‌ഷൻ മുതൽ കെഎസ്ആർടിസി ജംക്‌ഷൻ വരെ നിറങ്ങൾ നീരാടി. ബഥേൽ ജംക്‌ഷനിൽ വാഹനങ്ങൾ നിയന്ത്രിക്കുമ്പോൾ പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. ബാക്കിയെല്ലാം സമാധാനപരം.

കൊടിക്കുന്നിൽ സുരേഷ് 
പത്തനാപുരത്തുനിന്നു റോഡ്ഷോ നടത്തിയാണു യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എത്തിയത്. ബഥേൽ ജംക്‌ഷൻ കവിഞ്ഞ പ്രവർത്തകർക്കിടയിലേക്കു ഞെരുങ്ങിയാണു സ്ഥാനാർഥി എത്തിയത്. പ്രചാരണ വാഹനത്തിനു മുകളിൽ കയറി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുമ്പോൾ പ്രവർത്തകർ ചെണ്ട നീട്ടി. സ്ഥാനാർഥി അതു വാങ്ങി കൊട്ടിക്കയറി. ചെയ്ത കാര്യങ്ങളും ജനങ്ങൾ നൽകുന്ന സ്നേഹവും ഓർമിപ്പിച്ചു ചുരുക്കം വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചു. യുഡിഎഫ് നേതാക്കളായ ടോമി കല്ലാനി, കോശി എം.കോശി തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ആറു മണി നോക്കി പ്രവർത്തകർ ആരവങ്ങളടക്കി. ഗതാഗത തടസ്സമുണ്ടായെങ്കിലും മറ്റു പ്രശ്നങ്ങളില്ലാതെ കൊടികൾ താഴ്ത്തി, ആരവങ്ങൾ അവസാനിപ്പിച്ചു പ്രവർത്തകർ മടങ്ങി. കോശി എം.കോശി, ടോമി കല്ലാനി, എബി കുര്യാക്കോസ്, സുനിൽ പി.ഉമ്മൻ, കെ.ആർ.മുരളീധരൻ, കെ.ആർ.സജീവൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

സി.എ.അരുൺകുമാർ
എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ റോഡ്ഷോ ആദിക്കാട്ടുകുളങ്ങരയിലാണു തുടങ്ങിയത്. എൽഡിഎഫിന്റെ കലാശക്കൊട്ടിനു നിശ്ചയിച്ചിരുന്ന നന്ദാവനം കവലയിലെത്തുമ്പോൾ മന്ത്രി സജി ചെറിയാനും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയും സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും പ്രവർത്തകർക്ക് ആവേശം കൂട്ടാനെത്തി. സ്ഥാനാർഥി എത്തിയതിനു പിന്നാലെ പ്രവർത്തകർ ക്രെയിനിൽ കയറ്റി ഉയരങ്ങളിലെത്തിച്ചു. മുകളിൽനിന്നുള്ള അഭിവാദ്യത്തിനു പ്രവർത്തകർ താഴെ തുള്ളിച്ചാടി കൈവീശി. ക്രെയിനിന്റെ ബക്കറ്റിൽനിന്നു സ്ഥാനാർഥി ചെങ്കൊടി വീശി. പോപ്പർ ബ്ലാസ്റ്ററുകൾ ചുവപ്പു കടലാസു ശലഭങ്ങളെ പറത്തിവിട്ടു. ആഴ്ചകൾ നീണ്ട അധ്വാനത്തിൽ കൂടെനിന്നവർക്കെല്ലാം നന്ദി പറഞ്ഞും മാവേലിക്കരയ്ക്കു മാറ്റം വേണമെന്ന് ഓർമിപ്പിച്ചും സ്ഥാനാർഥിയുടെ പ്രസംഗം. മന്ത്രി സജി ചെറിയാൻ, സി.എസ്.സുജാത, കെ.സോമപ്രസാദ്, ടി.ജെ.ആഞ്ചലോസ്, ആർ.രാജേന്ദ്രൻ, എം.എച്ച്.റഷീദ്, ആർ.തിരുമലൈ, ആർ.സന്ദീപ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

ബൈജു കലാശാല
പത്തനാപുരം മുതൽ റോഡ്ഷോ നടത്തിയെത്തിയ എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയെ സ്വീകരിക്കാൻ കെഎസ്ആർടിസി ജംക്‌ഷനിൽ പ്രവർത്തകരും നേതാക്കളും നേരത്തെ നിറഞ്ഞിരുന്നു. പ്രചാരണ ഗാനങ്ങളും വാദ്യങ്ങളും പ്രവർത്തകരുടെ ആവേശത്തോടു മത്സരിച്ചു. പ്രചാരണ വാഹനത്തിനു മുകളിൽ കയറി സ്ഥാനാ‍ർഥി ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. മോദിയുടെ ചിത്രമുള്ള കട്ടൗട്ടുകൾ ഉയർത്തി പ്രവർത്തകർ നൃത്തം ചെയ്തു. സ്ഥാനാർഥിയും നേതാക്കളും വാഹനത്തിനു മുകളിൽനിന്നു പച്ചയും കാവിയും ബലൂണുകൾ ഉയർത്തി. ഷാജി രാഘവൻ, ഗോപൻ ചെന്നിത്തല, ബി.കൃഷ്ണകുമാർ, പ്രമോദ് കാരയ്ക്കാട് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com