ADVERTISEMENT

മാന്നാർ∙ രുചിയുടെ ലോകത്തെ നൗഷാദ് പെരുമയുടെ പിന്തുടർച്ചക്കാരിയായി മകൾ നഷ്യ (15) മാന്നാറിലും വിഭവങ്ങൾ വിളമ്പാനെത്തി. പിതാവ് നൗഷാദിന്റെ കേറ്ററിങ് സ്ഥാപനം അദ്ദേഹത്തിന്റെ മരണശേഷം ഏറ്റെടുത്തതു നഷ്യയാണ്. മാതാവിനു പിന്നാലെ പിതാവും മരിച്ചതോടെ തനിച്ചായെങ്കിലും ബിസിനസ് ഏറ്റെടുത്തു നഷ്യ പ്രായത്തിൽ കവിഞ്ഞ പക്വത കാട്ടി.

തിരുവല്ല ബിലീവേഴ്‌സ് ചർച്ച് സെൻട്രൽ സ്‌കൂളിൽ ഇനി പത്താം ക്ലാസിലാണു നഷ്യ. മലയാളികൾക്കു സുപരിചിതനായ പിതാവ് ഷെഫ് നൗഷാദ് സൃഷ്ടിച്ച രുചിയുടെ ലോകത്തു പഠനത്തോടൊപ്പം സഞ്ചരിക്കാനാണു നഷ്യയുടെ തീരുമാനം. കഴിഞ്ഞ ദിവസം മാന്നാർ ശ്യാമശ്രീ കൺവൻഷൻ സെന്ററിൽ നടന്ന വിവാഹ സൽക്കാരത്തിൽ 2500 പേർക്കു നഷ്യയുടെ നേതൃത്വത്തിൽ മട്ടൻ ബിരിയാണി വിളമ്പി.

രുചിച്ചവരിൽ മന്ത്രി സജി ചെറിയാനുമുണ്ടായിരുന്നു. നൗഷാദിനൊപ്പം അവസാനിച്ചെന്നു കരുതിയ ബിരിയാണിപ്പെരുമയാണു നഷ്യ വീണ്ടെടുക്കുന്നത്. ചാനൽ പരിപാടികളിലൂടെ നൗഷാദ് അവതരിപ്പിച്ച വിഭവങ്ങൾ പരിചയമില്ലാത്ത മലയാളികൾ കുറവാണ്. ആ കൈപ്പുണ്യം നേരിട്ടു രുചിച്ചവരും ഏറെ.

ബിഗ് സ്‌ക്രീൻ പ്രൊഡക്‌ഷൻസിലൂടെ ചലച്ചിത്ര നിർമാണവും നടത്തിയിട്ടുണ്ട് നൗഷാദ്. അയൽക്കാരനും സഹപാഠിയുമായ സംവിധായകൻ ബ്ലെസിയുടെ ആദ്യസിനിമയായ ‘കാഴ്ച’ നിർമിച്ചതു നൗഷാദാണ്. ചട്ടമ്പിനാട്, ലയൺ, ബെസ്റ്റ് ആക്ടർ തുടങ്ങിയ സിനിമകളുടെയും നിർമാതാവാണ് നൗഷാദ്. നൗഷാദ് രോഗബാധിതനായി ആശുപത്രിയിൽ കഴിയുമ്പോഴാണു ഭാര്യ ഷീബ 2021 ഓഗസ്റ്റ് 12നു മരിച്ചത്.

ഓഗസ്റ്റ് 27നു നൗഷാദും വിടപറഞ്ഞു. മാതാപിതാക്കൾ നഷ്ടപ്പെട്ട വേദനയിൽ നിന്നു പുറത്തു കടക്കാൻ കൂടിയുള്ള വഴിയായി നഷ്യയ്ക്കു കേറ്ററിങ് ബിസിനസ്. നൗഷാദിനൊപ്പം പ്രവർത്തിച്ചവർ നഷ്യയ്ക്കു തുണയായുണ്ട്. ബിരിയാണി മാത്രമല്ല, നൗഷാദ് വിളമ്പിയ എല്ലാ വിഭവങ്ങളും മലയാളികൾക്കു വീണ്ടും എത്തിക്കാനുള്ള കഠിനാധ്വാനത്തിലാണു നഷ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com