മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച് കവർച്ച: തമിഴ്നാട് സ്വദേശി പിടിയിൽ
Mail This Article
ആലപ്പുഴ∙ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരായ സ്ത്രീകളുടെ ബാഗുകൾ കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ. തിരുനൽവേലി പാളയംകോട്ട സ്വദേശി മണി എന്നു വിളിക്കുന്ന സുബ്രഹ്മണ്യൻ (23) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ രാവിലെ പത്തോടെ കളർകോട് ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സനാതനപുരം ശ്രീരമ്യത്തിൽ ജിനു ആനന്ദിന്റെ ബൈക്കാണ് സുബ്രഹ്മണ്യൻ മോഷ്ടിച്ചത്.
ഈ ബൈക്കിൽ സഞ്ചരിച്ചായിരുന്നു പിന്നീടുള്ള കവർച്ച. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പഴവീട് ക്ഷേത്രത്തിനു സമീപത്തെ റോഡിലൂടെ നടന്നു പോയ എ.എൻ.പുരം വിഷ്ണു നിവാസിൽ ഗീതയുടെ മൊബൈൽ ഫോണും 1800 രൂപയും എടിഎം കാർഡും അടങ്ങിയ ബാഗ് ബൈക്കിലെത്തി തട്ടിയെടുത്തു. 15 മിനിറ്റിനു ശേഷം വെള്ളക്കിണർ എൽഐസി ഓഫിസിനു സമീപത്തു വച്ച് ഇലഞ്ഞിപ്പറമ്പ് റെജുലയുടെ മൊബൈൽ ഫോണും 1000 രൂപയും അടങ്ങിയ ബാഗും കവർന്നു.
ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ, മോഷ്ടിക്കപ്പെട്ട ബാഗിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് സൗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ചുങ്കം ഭാഗത്തു നിന്നു പ്രതിയെ പിടികൂടി. മോഷണത്തിന് ഉപയോഗിച്ച ബൈക്കിനു പുറമെ, പഴവീടുള്ള വർക്‌ഷോപ്പിൽ നിന്നു മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.
20 ദിവസം മുൻപാണ് സുബ്രഹ്മണ്യൻ ജോലിക്കായി കേരളത്തിലെത്തിയത്. അമ്പലപ്പുഴ ഭാഗത്തെ വിവിധ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെ.പി.ടോംസൺ പറഞ്ഞു. എസ്ഐ കെ.എം.അജ്മൽ, സിപിഒമാരായ ഹസീർ ഷാ, സനൽകുമാർ, മാത്യു ജോസഫ്, ബി.ലേഖ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
സ്വർണമാല തട്ടിയെടുത്ത കേസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കായംകുളം∙ പള്ളിയിൽ നിന്ന് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എത്തിയ അജ്ഞാതൻ വയോധികയുടെ സ്വർണമാല തട്ടിയെടുത്ത് സ്ഥലം വിട്ട സംഭവത്തിൽ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രാഥമിക അന്വേഷണത്തിൽ കാട്ടാക്കട ആർടി ഓഫിസ് റജിസ്ടേഷനിലുള്ള ബൈക്കിലാണ് എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പെരിങ്ങാല പുതുവനയിൽ അന്നമ്മ ചാക്കോ (72)യുടെ 5 ഗ്രാം തൂക്കമുള്ള മാലയാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ തട്ടിയെടുത്ത് കടന്നത്.
നിറയിൽമുക്ക് ചെറുപുഷ്പം മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നും വരികയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വിധവയായ സ്ത്രീക്ക് പള്ളിയിൽ നിന്നും 3 ലക്ഷം രൂപ ധനസഹായം നൽകുന്നതിന് മുന്നോടിയായി 7500 രൂപ അടയ്ക്കണമെന്നു പറഞ്ഞു. പണം കൈവശമില്ലെന്ന് അന്നമ്മ പറഞ്ഞതോടെ മാല ഊരി തന്നാൽ പണയം വച്ച് ആ തുക പള്ളിയിൽ അടയ്ക്കാമെന്നും ധരിപ്പിച്ചാണ് സ്ഥലം വിട്ടത്.