പക്ഷിപ്പനി: റിപ്പോർട്ട് വൈകുന്നു; രോഗവ്യാപനം ഉണ്ടാകാമെന്ന് ആശങ്ക

Mail This Article
ആലപ്പുഴ∙ പക്ഷിപ്പനി ലക്ഷണം ഉണ്ടെങ്കിലും ഭോപാലിലെ ലാബിൽ രോഗം സ്ഥിരീകരിച്ച്, താറാവുകളെ കൂട്ടമായി കൊന്നൊടുക്കുന്നതിനുള്ള നിർദേശം ലഭിക്കാൻ ഒരാഴ്ചയിലേറെ വൈകുന്നതു രോഗവ്യാപന ആശങ്ക വളർത്തുന്നു. ചത്തുവീഴുന്ന താറാവുകളെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മറവു ചെയ്യാനാകാതെ കർഷകരും വിഷമിക്കുന്നു.പല മേഖലകളിലും താറാവു കർഷകർ നേരിടുന്നത് ഇത്തരമൊരു പ്രതിസന്ധിയാണ്. മാവേലിക്കര തഴക്കരയിലും എടത്വ ആനപ്രാമ്പാലിലും കഴിഞ്ഞ വ്യാഴാഴ്ച മുതൽ പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകൾ ചത്തുവീഴുന്നുണ്ട്.
മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടികൾക്കായി കാത്തിരുന്നാൽ ഇവ ചീഞ്ഞഴുകും. നിവൃത്തിയില്ലാതെ പാടങ്ങൾക്കരികിൽ കർഷകർ തന്നെ ഇവയെ കുഴിച്ചു മൂടുകയാണ്. രോഗലക്ഷണമുള്ള ബാക്കി താറാവുകളെ പാടശേഖരങ്ങളിൽ വിട്ടിരിക്കുന്നു. തിരുവല്ല മഞ്ഞാടിയിലെ ലാബിലെ പരിശോധനയിൽ രണ്ടിടത്തും പക്ഷിപ്പനി ആണെന്നാണു മനസ്സിലായത്. എന്നാൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കണമെങ്കിൽ ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കണം. അതു നീണ്ടുപോകുന്നതോടെ സമീപത്തെ മറ്റു ഫാമുകളിലേക്കും പക്ഷിപ്പനി വ്യാപിക്കുന്ന സ്ഥിതിയാണ്.