മകരച്ചാലിൽ വീണ്ടും നെല്ലു സംഭരണം മുടങ്ങി

Mail This Article
എടത്വ∙ ക്വിന്റലിന് 15 കിലോഗ്രാം കിഴിവ് അംഗീകരിച്ചിട്ടും കൊയ്തു കൂട്ടിയ നെല്ല് ഇന്നലെയും സംഭരിച്ചില്ല. നെല്ല് നിറയ്ക്കുന്നതിനുള്ള ചാക്ക് ഇല്ലെന്ന കാരണം പറഞ്ഞാണ് ഇന്നലെ സംഭരണം മുടങ്ങിയത്. ഒടുവിൽ കർഷകൻ ചാക്കും വില കൊടുത്തു വാങ്ങി കാത്തിരിക്കുകയാണ്. ഇന്ന് നെല്ല് സംഭരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. തലവടി കൃഷി ഭവൻ പരിധിയിൽ വരുന്ന മകരച്ചാലിൽ പാടത്ത് 56 ഏക്കറിലെ നെല്ലാണ് സംഭരിക്കാനുള്ളത്. കൊയ്ത്ത് നടത്തി ഇപ്പോൾ 17 ദിവസമായി. പാടത്തും റോഡിലുമായി കിടന്ന നെല്ല് ഇപ്പോൾ കറവലുമായി.
അതിനാൽ ആണ് ക്വിന്റലിന് 15 കിലോഗ്രാം അധികമായി കൊടുക്കേണ്ടി വന്നത്. 18 കിലോ ആയിരുന്നു ആദ്യം കിഴിവ് ആവശ്യപ്പെട്ടത്. കൊടുക്കാതെ വന്നപ്പോൾ സംഭരണം നടക്കില്ലെന്നു പറഞ്ഞ് ഏജന്റ‌് മടങ്ങാനൊരുങ്ങിയതോടെ നഷ്ടം സഹിച്ചും കിഴിവ് കൊടുക്കാൻ തയാറാകുകയായിരുന്നു. കൊയ്തെടുത്ത സമയത്ത് നടത്തിയ ഗുണനിലവാര പരിശോധനയിൽ യാതൊരു കുഴപ്പവും ഇല്ലാതിരുന്ന നെല്ലാണ് സമയത്ത് സംഭരിക്കാൻ കഴിയാതെ കിഴിവു കൊടുക്കേണ്ട അവസ്ഥയിലായതെന്നും കർഷകർ പറയുന്നു.
കനത്ത നഷ്ടത്തിന്റെ കണക്കുപുസ്തകം
നിരണം സ്വദേശി ഏഴു പറയിൽ എ.ആർ. അനിലാണ് മകരച്ചാലിൽ പാടത്ത് കൃഷി ചെയ്തിരിക്കുന്നത്. ഏക്കറിന് 15,000 രൂപ പാട്ടം കൊടുത്താണ് കൃഷി ചെയ്തത്. കൃഷി ചെലവ് ഏകദേശം ഏക്കറിന് 25000 രൂപയും ആയി. 56 ഏക്കർ കൃഷി ചെയ്യാൻ 22 ലക്ഷത്തിലധികം രൂപ ചെലവു വന്നു. ഏകദേശം 350 ക്വിന്റൽ നെല്ലാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ലഭിച്ചാൽ പോലും 11 ലക്ഷത്തിൽ താഴെ രൂപ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് കർഷകർ പറയുന്നത്. കൃഷിക്ക് ചെലവായതിന്റെ പകുതി പോലും ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ സീസണിൽ 850 ക്വിന്റൽ കിട്ടിയ സ്ഥാനത്താണിത്. മഴയെത്തുടർന്ന് കൊയ്ത്ത് യന്ത്രം ഇറക്കി കൊയ്യാൻ കഴിയാതെ 12 ഏക്കറിലെ നെല്ല് ഉപേക്ഷിക്കുകയും ചെയ്തു.