പോപ്പി പാലം പൊളിച്ചു; സമാന്തര നടപ്പാതയ്ക്ക് ഉറപ്പില്ലെന്നു നാട്ടുകാർ
Mail This Article
ആലപ്പുഴ ∙ പോപ്പി പാലം പൊളിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ഇന്നലെ രാവിലെ തുടങ്ങിയ പണി വൈകിട്ടോടെ പൂർത്തിയായി. ഒരാഴ്ച മുൻപ് പോപ്പി പാലം പൊളിക്കാൻ തീരുമാനമായിരുന്നു. എന്നാൽ, പോപ്പി, ആറാട്ടുവഴി പാലങ്ങളുടെ സമാന്തരമായി നിർമിച്ച താൽക്കാലിക ബണ്ടിലൂടെ ഓട്ടോ, ഇരുചക്ര വാഹനങ്ങൾക്കു പോകാനായി ഉറപ്പുള്ള നടപ്പാത നിർമിക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി വന്നതോടെ പാലം പൊളിക്കൽ തടസ്സപ്പെട്ടു. രണ്ട് പാലങ്ങളുടെയും സമാന്തര നടപ്പാത നിർമിച്ച ശേഷമാണു ഇന്നലെ പോപ്പി പാലം പൊളിച്ചത്. രണ്ടു സ്ഥലത്തെയും സമാന്തര നടപ്പാതയ്ക്കു ഉറപ്പു പോരെന്നു നാട്ടുകാർ പരാതി ഉന്നയിച്ചിട്ടുണ്ട്.
ഓർമകളുടെ കടത്തുവള്ളം കയറി നാട്ടുകാർ
പോപ്പി പാലം എന്ന പേരിൽ അറിയപ്പെടുന്ന ജനകീയ നടപ്പാലം പൊളിച്ചപ്പോൾ ഓർമകളുടെ കടത്തുവള്ളം കയറി നാട്ടുകാർ. 1997ൽ നടപ്പാലം നിർമിക്കുന്നതു വരെ ഇവിടെ കടത്ത് വള്ളം ആയിരുന്നു. കടത്ത് വള്ളം മുങ്ങി അപകടം പതിവായി. ഒരു ദിവസം ജോസഫ് തെക്കേനത്ത്, അനിൽ ബാബു, അജിമോൻ തുടങ്ങിയവരും രചന വായനശാലയുടെ പ്രവർത്തകരും നാട്ടുകാരും ചേർന്നു നടപ്പാലം നിർമിക്കാൻ തീരുമാനിച്ചു.
രണ്ടു ലക്ഷം രൂപ മുടക്കി ജനകീയ പാലം നിർമിച്ചു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ പാലത്തിനു കൈവരി വേണമായിരുന്നു. 25000ത്തോളം രൂപ മുടക്കി പോപ്പി കുട കമ്പനി കൈവരി നിർമിച്ചു. അന്നു മുതൽ ജനകീയ നടപ്പാലത്തിന്റെ പേര് പോപ്പി പാലം എന്നായി. പോപ്പി പാലം ഓർമയിൽ ആകുമ്പോൾ നിർമിക്കാൻ പോകുന്ന പാലത്തിന്റെ പേര് എന്താകുമെന്ന ആലോചനയിലാണ് നാട്ടുകാർ.