ADVERTISEMENT

മാന്നാർ ∙ മാന്നാർ നാലുതോടു പാടശേഖരത്തിലെ കർഷക പൊതുയോഗത്തിനെത്തിയ കൃഷി ഓഫിസറെയും പഞ്ചായത്തംഗത്തെയും കർഷകർ 3 മണിക്കൂർ തടഞ്ഞുവച്ചു, ഇവിടത്തെ നെല്ല് ഇന്നെടുക്കാൻ ധാരണയായി.   മാന്നാർ നാലുതോടു പാടശേഖരത്തിലെ 252 ഏക്കറിൽ ഒരാഴ്ച മുൻപ് കൊയ്തെടുത്ത ആറു ലോഡ് നെല്ല് മില്ലുകാരെടുക്കാത്തതിനെ തുടർന്നാണ് കർഷക യോഗം പാടശേഖരത്തിനു സമീപം ചേർന്നത്. മാന്നാർ കൃഷി ഓഫിസർ പി.സി. ഹരികുമാർ, ഇവിടത്തെ പഞ്ചായത്തംഗം കെ.സി. പുഷ്പലത എന്നിവരെത്തി. പൊതുയോഗ തീരുമാനപ്രകാരം ഇരുവരെയും 3 മണിക്കൂർ തടഞ്ഞു വച്ചു. പൊലീസെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കർഷകർ പിൻമാറാതെ സമരത്തിൽ ഉറച്ചു നിന്നു. 

 ചെങ്ങന്നൂരിൽ നിന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടർ മായ ഗോപാലകൃഷ്ണൻ എത്തി മങ്കൊമ്പിലെ പാഡി മാർക്കറ്റിങ് ഓഫിസറുമായി ബന്ധപ്പെട്ടെങ്കിലും ഇവിടെ കെട്ടിക്കിടക്കുന്ന നെല്ലെടുക്കുന്നതിനു തീരുമാനമായില്ല.  ഒടുവിൽ എറണാകുളത്തുള്ള സംസ്ഥാന പാഡി മാനേജരെ വിളിച്ച് ഫോണിലൂടെ ചർച്ച നടത്തിയാണ് പരിഹാരമുണ്ടാക്കിയത്. ഇതു പ്രകാരം മില്ലുകാർ ആവശ്യപ്പെട്ട ക്വിന്റലിനു 15 ശതമാനം കിഴിവിനു പകരം കർഷകർ നേരത്തെ പറഞ്ഞ 10 ശതമാനം കിഴിവിൽ നെല്ലെടുക്കാൻ ധാരണയാകുകയായിരുന്നു.

നേരത്തെ ഏൽപിച്ച മില്ലുകാരെ മാറ്റി പകരം മറ്റൊരു മില്ലുകാർ ഇന്നു രാവിലെ എത്തി നാലുതോടു പാടശേഖരത്തിലെ നെല്ലെടുക്കുമെന്നും എഡിഒയും കൃഷി ഓഫിസറും കർഷകരെ അറിയിച്ച ശേഷമാണ് ഉപരോധ സമരം അവസാനിച്ചത്. ചർച്ചയ്ക്ക് സിപിഎം ഏരിയ സെക്രട്ടറി പി‍.ഡി. ശശിധരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം, പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ്, സെക്രട്ടറി രവീന്ദ്രനാഥ കൈമൾ, കുര്യാക്കോസ് പറയകാട്ട്, വിജയകുമാർ പെരുമാനൂർ, റഷീദ് മേടയിൽ എന്നിവർ നേതൃത്വം നൽകി. 

ചെന്നിത്തല നേന്ത്രവേലി പാടശേഖരത്തിലെ നെല്ലും കെട്ടിക്കിടക്കുകയാണ്. 10 ദിവസം മുൻപ് കൊയ്ത നെല്ലാണ്. പാടത്തു കെട്ടിക്കിടക്കുന്നത്. ഇവിടത്തെ കർഷകരും സമരത്തിനു തയാറാകുകയാണ്. അപ്പർകുട്ടനാട്ടിലെ നെൽപാടങ്ങളിൽ വിളവെടുപ്പ് പൂർത്തിയാക്കിയിട്ടും അനാവശ്യ കാരണം ഉന്നയിച്ച് മില്ലുകാർ നെല്ല് സംഭരണം നടത്താത്ത സർക്കാർ നടപടിയിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. വേണുഗോപാൽ പ്രതിഷേധിച്ചു.

മന്ത്രിമാർ നൽകിയ ഉറപ്പുകൾ പാഴ്‌വാക്കായി: കൊടിക്കുന്നിൽ
ചെങ്ങന്നൂർ ∙ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ, കൃഷി മന്ത്രിമാർ നൽകിയ ഉറപ്പുകൾ പാഴ്‌വാക്കായെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അപ്പർകുട്ടനാട്ടിലെയും കുട്ടനാട്ടിലെയും കർഷകർ വലിയ ദുരിതത്തിലാണ്. കിഴിവിന്റെ പേരുപറഞ്ഞ് മില്ലുകാർ അവരെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനു കൂട്ടുനിൽക്കുകയാണ് ഉദ്യോഗസ്ഥർ. തിരഞ്ഞെടുപ്പു കാലത്ത് കർഷകസ്‌നേഹം നടിച്ച സിപിഐക്കാരായ മന്ത്രിമാർ പല ഉറപ്പുകളും നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അവയെല്ലാം മറന്നു.മാന്നാർ, ചെന്നിത്തല മേഖലകളിൽ കർഷകർ കൃഷി ഓഫിസുകൾ ഉപരോധിച്ചിട്ടും മന്ത്രിമാർ മിണ്ടാപ്രാണികളായി തുടരുന്നു.

സ്വന്തം മണ്ഡലത്തിലെ കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ മന്ത്രി സജി ചെറിയാനും ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മില്ലുകാരിൽ നിന്ന് സിപിഐ സാമ്പത്തികസഹായം കൈപ്പറ്റിയെന്നും അതുകൊണ്ടാണ് പ്രശ്‌നത്തിൽ മന്ത്രിമാർ ഇടപെടാത്തതെന്നും  കൊടിക്കുന്നിൽ ആരോപിച്ചു. കൊടുംവേനലിൽ കൃഷിനാശമുണ്ടായ കർഷകർക്കും വേനൽമഴയിൽ കൃഷി നശിച്ച പച്ചക്കറികർഷകർക്കും അടിയന്തരമായി സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com