ADVERTISEMENT

മാവേലിക്കര  ∙ ചിങ്ങോലി ജയറാം (31) വധക്കേസിൽ പ്രതികൾ രണ്ടുപേരും കുറ്റക്കാരെന്നു കോടതി; ശിക്ഷ 21നു വിധിക്കും. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ്–36), കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവർ 302–ാം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചെയ്തതായി അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി-3 ജഡ്ജി എസ്.എസ്.സീന കണ്ടെത്തി. കൊല്ലപ്പെട്ട ചിങ്ങോലി നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമിന്റെ സുഹൃത്തുക്കളാണ് പ്രതികൾ ഇരുവരും. ജയറാമും പ്രതികളും കോൺക്രീറ്റ് ജോലികൾ ചെയ്യുന്നവരാണ് പ്രതികളുടെ സുഹൃത്തായ മറ്റൊരാൾ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.

2020 ജൂലൈ 19നു രാത്രി 7.30നു ചിങ്ങോലി പഴയ വില്ലേജ് ഓഫിസിനു സമീപമുള്ള ബേക്കറിക്കു മുന്നിലാണു കൊലപാതകം നടന്നത്. ബൈക്കിലെത്തിയ പ്രതികൾ ബേക്കറിക്കു മുന്നിൽ നിന്ന ജയറാമിനെ വിളിച്ചു സംസാരിക്കുന്നതിനിടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ഹരികൃഷ്ണൻ കുത്തിയെന്നും കലേഷ് ഇതിനു സഹായം നൽകിയെന്നുമാണു പ്രോസിക്യൂഷൻ കേസ്. ഇടതു തുടയിൽ കുത്തിയ കത്തി കാൽ തുളച്ചു വലതു കാലിലും കുത്തേറ്റു. 

ജയറാം.
ജയറാം.

ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എച്ച്.നിയാസ്, ബേക്കറി ഉടമയായ അന്നത്തെ പഞ്ചായത്തംഗം ബിനു രാജ് എന്നിവർ വിവരമറിഞ്ഞു സ്ഥലത്തെത്തി. ബിനു രാജിന്റെ ഓട്ടോറിക്ഷയിൽ ജയറാമിനെ ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. ഞരമ്പ് മുറിഞ്ഞു രക്തം വാർന്നതാണു മരണകാരണം. കൊല്ലപ്പെട്ട ജയറാമിന്റെ അമ്മ വിലാസിനി, സഹോദരൻ ജയമോൻ എന്നിവരും വിധി കേൾക്കാൻ എത്തിയിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയതോടെ പ്രതികളെ മാവേലിക്കര സ്പെഷൽ ജയിലിലേക്കു കൊണ്ടുപോയി.

പ്രതികരിക്കാതെ പ്രതികൾ
ഇന്നലെ രാവിലെ 11നു കേസ് വിളിച്ച കോടതി വിധി പറയുന്നത് ഉച്ചയ്ക്ക് ഒരു മണിയിലേക്കു മാറ്റി. ബന്ധുക്കളോടൊപ്പം കോടതിവളപ്പിൽ തന്നെ ഉണ്ടായിരുന്ന പ്രതികൾ കാത്തു നിന്നു. ഒരു മണിക്കു കോടതി കൂടിയപ്പോൾ 302–ാം വകുപ്പ് പ്രകാരം പ്രതികൾ കൊലപാതകം നടത്തിയെന്നു കണ്ടെത്തിയതായി അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി 3 ജഡ്ജി എസ്.എസ്.സീന വിധിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി ചോദിച്ചപ്പോൾ പ്രതികൾ നിശ്ശബ്ദരായി നിന്നതല്ലാതെ പ്രതികരിച്ചില്ല.

എച്ച്.നിയാസ്, ബിനുരാജ് എന്നിവരുൾപ്പെടെ 39 സാക്ഷികൾ, 64 രേഖകൾ, 14 തൊണ്ടി സാധനങ്ങൾ എന്നിവ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഒരു മാസത്തിനുള്ളിൽ പന്തളത്തെ ബന്ധുവീട്ടിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എൽ.അനിൽകുമാർ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com