ജില്ലയിൽ മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം

Mail This Article
ആലപ്പുഴ ∙ ജനപങ്കാളിത്തത്തോടെയുള്ള മഴക്കാലപൂർവ ശുചീകരണത്തിനു ജില്ലയിൽ തുടക്കം. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണു രണ്ടു ദിവസത്തെ മെഗാ ക്ലീനിങ് നടക്കുന്നത്. ആദ്യദിവസം സർക്കാർ സ്ഥാപനങ്ങളാണു ശുചീകരിച്ചത്. പെരുമ്പളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ഇന്ന് പൊതുഇടങ്ങൾ ശുചിയാക്കും.
∙ കൂട്ടായ പ്രവർത്തനം
തദ്ദേശഭരണ സ്ഥാപനങ്ങൾ, സാംസ്കാരിക പ്രവർത്തകർ, തൊഴിലാളികൾ, സന്നദ്ധ സേവകർ എന്നിവരുടെയും നേതൃത്വത്തിലാണു ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിലും മെഗാ ക്ലീനിങ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 1169 പഞ്ചായത്ത് വാർഡുകളിലും 215 നഗരസഭാ വാർഡുകളിലും നാലു വീതം ശുചീകരണ കേന്ദ്രങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇവിടെ കുറഞ്ഞത് 25 സന്നദ്ധ സേവകർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകും.
∙ ഹോട്സ്പോട്ട്
പകർച്ചവ്യാധികൾ തടയുന്നതിനായി ഹോട്സ്പോട്ടുകൾ, മാലിന്യ കൂമ്പാരങ്ങൾ എന്നിവയുടെ പട്ടിക മെഗാ ക്ലീനിങ്ങിന്റെ ഭാഗമായി തയാറാക്കി. ഇവിടെയെല്ലാം ശുചീകരണം നടത്തും. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലെ ഓടകളും കനാലുകളും ചെറുതോടുകളും വൃത്തിയാക്കും.