ADVERTISEMENT

കായംകുളം∙ യുവാവിനെ വടിവാൾ കാണിച്ചു ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും വാച്ചും തട്ടിയെടുത്ത കേസിൽ പിടിയിലായ അനൂപ് ശങ്കർ 17 ക്രിമിനൽ കേസുകളിലെ പ്രതി. ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ അനൂപ് ജില്ലാ പൊലീസ് മേധാവി തയാറാക്കിയ 25 ഗുണ്ടകളുടെ പട്ടികയിലുമുണ്ട്. അനൂപ് പ്രതിയായ 17 കേസുകളിൽ  വിചാരണ പൂർത്തിയായ 10 കേസുകളിലും  ഇയാളെ വിട്ടയച്ചു. ഇതു പൊലീസ് അന്വേഷണത്തിലെ വീഴ്ച മൂലമാണെന്നും സംശയമുണ്ട്. 7 കേസുകൾ മാവേലിക്കര സെഷൻസ് കോടതിയിൽ വിചാരണയിലാണ്. 

കായംകുളം സ്റ്റേഷൻ പരിധിയിൽ  പത്തുവർഷത്തിനിടെയാണു ഈ 17 ഗുണ്ടാ ആക്രമണക്കേസുകളും റജിസ്റ്റർ ചെയ്തത്. പല കേസുകളിലും സാക്ഷികളെ സ്വാധീനിച്ചാണു അനൂപ് കേസിൽ നിന്നു തലയൂരിയതെന്നു പറയുന്നു. കൃഷ്ണപുരം ഞക്കനാൽ സ്വദേശിയായ   അനൂപ് ശങ്കറിന്(28) എതിരെ 5 വട്ടമാണ് കാപ്പ ചുമത്തിയത്. ഇതിൽ 2 കേസുകളിലായി ഒരു വർഷം ജയിൽ വാസം. 3 വട്ടം ജില്ലയിൽ നിന്നു നാടുകടത്തി. ജില്ലയിൽ നിന്നു നാടുകടത്തിയ കാലത്തും ഇയാൾ കൃഷ്ണപുരത്ത് എത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

മർദനക്കേസിലെ രണ്ടാം പ്രതിയും അനൂപ് ശങ്കറിന്റെ സഹോദരനുമായ അഭിമന്യുവിനെതിരെയും പൊലീസ് നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. നാലാം പ്രതി എരുവ സ്വദേശി അമൽ കായംകുളം ഡിവൈഎസ്പിയുടെ ഗുണ്ടാപ്പട്ടികയിൽ പെട്ടയാളാണ്. ജില്ലാ പൊലീസ് മേധാവി തയാറാക്കിയ ഗുണ്ടകളുടെ പട്ടികയിൽ അനൂപിനെക്കൂടാതെ 6 പേർ   കായംകുളം സ്റ്റേഷൻ പരിധിയിൽ പെട്ടവരാണ്. ചിറക്കടവത്ത് ബാറിനു മുന്നിൽ യുവാവിനെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതി അജ്മൽ ഉൾപ്പെടെ ഒട്ടേറെ കുപ്രസിദ്ധ  കുറ്റവാളികളുണ്ട് കായംകുളത്തെ ഈ ഗുണ്ടാപ്പട്ടികയിൽ. 

ഹോട്ടലിലെ തർക്കത്തിന് സംഭവവുമായി ബന്ധമില്ല 
17ന് കൊറ്റുകുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പൊലീസ് സംഘവും മറ്റൊരു സംഘവുമായി ഉണ്ടായ തർക്കത്തിന് ഈ സംഭവുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. അന്നു പൊലീസുമായി പ്രശ്നമുണ്ടാക്കിയ ഒരാൾക്കെതിരെ കേസെടുത്തു ജാമ്യത്തിൽ വിട്ടിരുന്നു. ഈ സംഘത്തിൽ പെട്ടവർ കൃഷ്ണപുരത്തെ മർദനക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന പ്രചാരണം തെറ്റാണെന്നു പൊലീസ് വ്യക്തമാക്കി.

മൂന്നാം പ്രതിയും അറസ്റ്റിൽ 
കായംകുളം∙ യുവാവിനെ ക്രൂരമായി മർദിച്ചും വടിവാൾ വീശി  വധഭീഷണി മുഴക്കിയും  ഗുണ്ടാസംഘം മൊബൈൽ ഫോണും വാച്ചും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാം പ്രതിയായ കൃഷ്ണപുരം അജന്ത ജംക്‌ഷന് സമീപം രേഷ്മ ഭവനത്തിൽ രാഹുലാണ് (22) അറസ്റ്റിലായത്. 

രാഹുൽ.
രാഹുൽ.

കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺപ്രസാദിനെ (26) 16ന് ആക്കാനാട്ടുള്ള ഗ്രൗണ്ടിലും റെയിൽവേ ട്രാക്കിനു സമീപത്തു വച്ചും ക്രൂരമായി മർദിച്ച ഗുണ്ടാസംഘത്തിലെ 3 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  അനൂപ് ശങ്കർ, സഹോദരൻ അഭിമന്യു, എരുവ സ്വദേശി അമൽ എന്നിവരാണു  പിടിയിലായത്.  

പാറക്കല്ല് കൊണ്ട് അരുൺ പ്രസാദിന്റെ കൈമുട്ടിനും കാൽമുട്ടിനും ഇടിച്ചതും മർദനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചതും മൂന്നാം പ്രതി രാഹുലാണെന്നു പൊലീസ് പറഞ്ഞു. 15ന് രാത്രിയാണു സംഭവങ്ങളുടെ തുടക്കം. രാത്രി 11.30 ന് കാപ്പിൽ ഭാഗത്ത് അനൂപ് ശങ്കറും സംഘവും അരുൺ പ്രസാദുമായി സംഘർഷമുണ്ടായിരുന്നു.  പൊലീസ് എത്തിയതോടെ  അനൂപ് മുങ്ങി. സ്ഥലത്തുണ്ടായിരുന്ന അരുൺപ്രസാദ്, ഹരികുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. 

ഇവരുടെ കയ്യിൽ  നിന്ന് അനൂപിന്റെ ഫോൺ പൊലീസിനു ലഭിച്ചു. ഇതു അരുൺപ്രസാദ് മനഃപൂർവം പൊലീസിനു നൽകിയതാണെന്ന് ആരോപിച്ച്  അനൂപും സംഘവും അരുൺപ്രസാദിനെ ആക്രമിക്കുകയായിരുന്നു പൊലീസ് പറഞ്ഞു. പിറ്റേദിവസം  ഉച്ചയ്ക്ക് അനൂപ് അരുണിനെ ഓച്ചിറയിലേക്ക് വിളിപ്പിച്ച് ബൈക്കിൽ കയറ്റി പലഭാഗത്തും കറക്കിയ ശേഷം കാപ്പിൽ ഭാഗത്ത് എത്തിച്ച് കൂട്ടാളികളെയും വിളിച്ച് വരുത്തി മർദിക്കുകയായിരുന്നു. അന്നു രാത്രി തന്നെ മൂന്നു പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com