തീരമേഖല: ശക്തമായ കാറ്റും തിരമാലയും ഭീഷണി; ടെട്രാപോഡുകൾ സ്ഥാപിക്കണം

Mail This Article
ചേർത്തല∙ ശക്തമായ കാറ്റും തിരമാലയും തീരമേഖലയ്ക്കു ഭീഷണിയായതോടെ കടൽഭിത്തിയില്ലാത്ത സ്ഥലങ്ങൾ ടെട്രാപോഡുകൾ സ്ഥാപിച്ചു സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. തീരപ്രദേശങ്ങളായ ചെത്തി, അർത്തുങ്കൽ, തൈക്കൽ, ഒറ്റമശേരി, അന്ധകാരനഴി തുടങ്ങിയ മേഖലകളിലെ ജനങ്ങൾ ശക്തമായ കാറ്റും ഉയർന്ന തിരമാലയും ഉണ്ടാകുന്നതോടെ കടുത്ത കടലാക്രമണ ഭീഷണി നേരിടുകയാണ്. കാലാവസ്ഥ മുന്നറിയിപ്പുകൾ ലഭിച്ചതോടെ ജനങ്ങൾ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും രാത്രി ഉണ്ടാകുന്ന വേലിയേറ്റത്തിനൊപ്പം ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകുന്നതിനാൽ ജനങ്ങൾ ഭയന്നാണു വീടുകളിൽ ഉറങ്ങുന്നത്.
കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലും കടൽ ഭിത്തി തകർന്നു കിടക്കുന്ന ഭാഗങ്ങളിലുമാണ് സ്ഥിതി ഏറെ ഗുരുതരം. ഇന്നലെ അർത്തുങ്കൽ തെക്ക് തിരുവിഴ കടൽ തീരമേഖലയിൽ 10 വീടുകൾക്കു ഭീഷണിയായി വലിയ തിരമാലകളുണ്ടായി. തീരത്തുണ്ടായിരുന്ന തെങ്ങുകൾ പലതും കടപുഴകി വീണു. ഒറ്റമശേരിയിലും തൈക്കൽ ഭാഗങ്ങളിലും ശക്തമായ തിരമാലകളുണ്ടായി. ഒറ്റമശേരിയിൽ കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ കടൽവെള്ളം കരയിലേക്ക് ഒഴുകിയെത്തി.
കാലവർഷം ശക്തമാകുന്നതിനു മുൻപ് ഒറ്റമശേരി മേഖലയിൽ നിർമിച്ചു വച്ചിരിക്കുന്ന ടെട്രാപോഡുകൾ കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലും കടൽഭിത്തി തകർന്നുകിടക്കുന്ന സ്ഥലങ്ങളിലും താൽക്കാലികമായെങ്കിലും സ്ഥാപിച്ചാൽ ശക്തമായ തിരമാലകളെ ഒരുപരിധിവരെ പ്രതിരോധിക്കാൻ കഴിയും. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും ഇതിനാവശ്യമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.