ADVERTISEMENT

ചേർത്തല∙ മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ  നടത്തിയ ചേർത്തല നഗരസഭ അധികൃതർ നഗരത്തിലെ എഎസ് കനാലിലേക്ക് നോക്കരുത്; സംഗതി നാണക്കേടാണ്. എഎസ് കനാൽക്കരയിലൂടെ പോകുന്നവർ മൂക്കു പൊത്തിയാണ് കടന്നുപോകുന്നത്. നഗരഹൃദയത്തിലൂടെ കടന്നു പോകുന്ന കനാലിൽ മാസങ്ങളായി നിറഞ്ഞുകിടക്കുന്ന മാലിന്യംനീക്കിയിട്ടില്ല.  മഴ പെയ്തതോടെ മാലിന്യത്തിന്റെയും ചെളിയുടെയും ദുർഗന്ധമാണ് പരിസരത്തെങ്ങും. സമീപവാസികൾക്കും യാത്രക്കാർക്കും രോഗഭീതി പരത്തുകയാണ് മാലിന്യവാഹിനിയായ കനാൽ. 

കനാലിന്റെ സമീപത്തായി സെന്റ് മേരീസ് സ്കൂൾ, സ്വകാര്യ ബസ് സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും ദുർഗന്ധം പരക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളും  ദുരിതം അനുഭവിക്കേണ്ടിവരും. വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നപ്പോൾ മാലിന്യം നീക്കാൻ അധികൃതർ തയാറായില്ലെന്ന ആരോപണം ശക്തമാണ്. സമീപത്തു താമസിക്കുന്നവർക്ക് വീടിന്റെ വാതിലും ജനാലകളും തുറന്നിടാൻ കഴിയാത്ത സ്ഥിതിയാണ്. 

ഒന്നരവർഷം മുൻപ് സെന്റ് മേരീസ് പാലം നിർമാണത്തിന്റെ ഭാഗമായി കനാലിനു കുറുകെ പൈപ്പ് സ്ഥാപിച്ച് ബണ്ട് നിർമിച്ചിരുന്നു. പൈപ്പിൽ ചെളിയും മാലിന്യവും നിറഞ്ഞ് ജലം ഒഴുകിപ്പോകാതെ വന്നതോടെ ബണ്ടിനു സമീപവും മാലിന്യം നിറഞ്ഞുകിടക്കുകയാണ്. 

ആഞ്ഞിലിപ്പാലത്തിനു  സമീപം മുതൽ വേമ്പനാട് കായൽ വരെ ബന്ധപ്പെട്ടുകിടക്കുന്ന ഭാഗത്താണ് കൂടുതലും ദുരിതം. നഗരസഭ പരിധിയിൽ വാർഡ‌് തലത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തിയിട്ടും കനാൽ വൃത്തിയാക്കാനുള്ള നടപടിയുണ്ടാകാത്തതിൽ വ്യാപാരികളും സമീപവാസികളും പ്രതിഷേധത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com