മഴ കനത്തു; വീടുകളും സ്ഥാപനങ്ങളും വെള്ളത്തിൽ

Mail This Article
തുറവൂർ∙ ഇന്നലെ വൈകിട്ടോടെ പെയ്ത ശക്തമായ മഴയിൽ ദേശീയപാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി. അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നടക്കുന്ന സ്ഥലങ്ങളിൽ ചന്തിരൂർ, എരമല്ലൂർ, കൊച്ചുവെളിക്കവല, എരമല്ലൂർ പിള്ളമുക്ക്, ചന്തിരൂർ പാലത്തിന് സമീപം, അരൂർ ക്ഷേത്രം കവല, അരൂർ പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് ഒരടിയോളം ഉയരത്തിൽ പാതയിൽ പെയ്ത്തുവെള്ളം നിറഞ്ഞത്. ഇതോടെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്ന ദൃശ്യവും പ്രകടമായിരുന്നു.
ഇരുചക്രവാഹനങ്ങൾ വെള്ളം നിറഞ്ഞുനിൽക്കുന്ന കുഴികളിൽ അകപ്പെട്ടതോടെ ഗതാഗത കുരുക്കുമുണ്ടായി.കാൽനട യാത്രക്കാർക്ക് റോഡ് കുറുകെക്കടക്കാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു. ദേശീയപാത ജോലി നടക്കുന്ന തുറവൂർ–ഒറ്റപ്പുന്നവരെയുള്ള ഭാഗത്ത് പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തുറവൂർ ജംക്‌ഷന് തെക്കു ഭാഗത്തുള്ള ടയർകടയിലെ താഴത്തെ നിലയിൽ പകുതിയോളം വെള്ളം കയറി. അപകടം ഉണ്ടാകാതിരിക്കാൻ കുത്തിയതോട് വൈദ്യുതി സെക്‌ഷനിൽ നിന്നുള്ള ജീവനക്കാരെത്തി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.
ദേശീയപാതയ്ക്കു മുൻപുണ്ടായിരുന്ന പാതയേക്കാൾ ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിലാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. ഇത് കാരണം വ്യാപാര സ്ഥാപനങ്ങളും വീടുകളും താഴ്ന്നു. പാതയോരത്ത് വെള്ളം ഒഴുകി പോകുന്ന നീർച്ചാലുകളും കാനകളും ഇല്ലാതായതോടെ ഇവിടങ്ങളിലേക്ക് വെള്ളം ഇരച്ചുകയറുകയാണ്.കുത്തിയതോട് പാലത്തിന് സമീപമുള്ള 3 വീടുകൾ വെള്ളക്കെട്ടിലാണ്. മാർക്കറ്റിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറാൻ സാധ്യതയേറെയാണ്. അരൂർ ക്ഷേത്രം ജംക്‌ഷനിലും കനത്ത വെള്ളക്കെട്ടാണ്.വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചന്തിരൂർ വെളുത്തുള്ള വി.കെ.ഗൗരിശന്റെ വീടിന്റെ മുകളിലേക്ക് മരം വീണ് ഭിത്തികൾക്ക് വിള്ളലുണ്ടായി. ജനൽ പാളികളും തകർന്നു.