ബാഗ് (ക്) ടു സ്കൂൾ; ബാഗും കുടയും വാട്ടർ ബോട്ടിലും ഒക്കെയായി സ്കൂൾ വിപണി സജീവം
Mail This Article
ആലപ്പുഴ∙ ബിടിഎസ്, യുണികോൺ, ബാർബി, ഡോറ, ബെൻ ടെൻ, പോക്കിമോൻ, സ്പൈഡർമാൻ, അവഞ്ചേഴ്സ്... സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ വിപണി കീഴടക്കിയിരിക്കുന്ന ബാഗുകളിലെ താരങ്ങൾ ഇവരാണ്. മുൻ വർഷങ്ങളിലെപ്പോലെ കാർട്ടൂൺ കഥാപാത്രങ്ങളും സൂപ്പർ ഹീറോകളും തന്നെയാണ് ഇക്കുറിയും ബാഗുകളിലും കുടകളിലും ഇടം പിടിച്ചിരിക്കുന്നത്. ബിടിഎസ്, യുണികോൺ ബാഗുകൾക്കാണ് ആവശ്യക്കാർ ഏറെയെന്നു വ്യാപാരികൾ പറയുന്നു. കുട്ടികൾക്കുള്ള കുടകളിലും ഇവരൊക്കെയാണ് താരങ്ങൾ. വിദ്യാർഥികളെ ആകർഷിക്കുന്ന തരത്തിൽ പല നിറത്തിലും ഡിസൈനുകളിലുമുള്ള ബാഗുകളും കുടകളും വാട്ടർ ബോട്ടിലുകളും വിപണി കീഴടക്കി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സാധനങ്ങൾക്ക് 20 ശതമാനം വില കൂടിയതായി വ്യാപാരികൾ പറഞ്ഞു. നഴ്സറി കുട്ടികൾക്കുള്ള ബാഗുകളുടെ വില തുടങ്ങുന്നത് 190 രൂപയിലാണ്.
ഹൈസ്കൂൾ കുട്ടികൾക്കുള്ള ബാഗുകൾ 500 രൂപ മുതലുണ്ട്. 120 രൂപ മുതലുള്ള ചൈനീസ് കുടകൾ വിപണിയിൽ ലഭ്യമാണ്. 250–500 രൂപയുടെ കുടകൾക്കാണ് കൂടുതൽ വിൽപന. പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് 70 രൂപ മുതലാണ് വില. സ്റ്റീൽ വാട്ടർ ബോട്ടിലുകൾ 180 രൂപ മുതൽ കിട്ടും. സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്കാണ് വിൽപന കൂടുതലെന്നു വ്യാപാരികൾ പറയുന്നു. പ്ലാസ്റ്റിക്, സ്റ്റീൽ, പ്ലാസ്റ്റിക്കും സ്റ്റീലും ചേർന്നത് ഇങ്ങനെ മൂന്നു തരത്തിലാണ് ടിഫിൻ ഫോക്സുകൾ. പ്ലാസ്റ്റിക് ടിഫിൻ ബോക്സുകൾക്ക് 75 രൂപ, സ്റ്റീലിന് 200 രൂപ, പ്ലാസ്റ്റിക്കും സ്റ്റീലും ചേർന്നതിന് 350 രൂപ എന്നിങ്ങനെയാണ് തുടക്കത്തിലെ വില. 80 രൂപ മുതൽ ചെറിയ കുട്ടികൾക്കുള്ള മഴക്കോട്ട് ലഭ്യമാണ്.മുതിർന്ന കുട്ടികൾക്കുള്ളതിന് 300 മുതൽ 400 രൂപ വരെയാണ് വില. നോട്ട് ബുക്ക്, പേന, പെൻസിൽ, കട്ടർ, ഇൻസ്ട്രുമെന്റ് ബോക്സ്, ബ്രൗൺ പേപ്പർ തുടങ്ങിയവയുടെ വിലയും വർധിച്ചിട്ടുണ്ട്.