തോട്ടപ്പള്ളി സ്പിൽവേയിലെ 2 ഷട്ടറുകൾ തകർന്നുവീണു

Mail This Article
അമ്പലപ്പുഴ∙ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ കടലിലേക്കു ജലമൊഴുക്കി വിടാൻ സ്ഥാപിച്ച തോട്ടപ്പള്ളി സ്പിൽവേയിലെ 2 ഷട്ടറുകൾ അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ തകർന്നു വീണു. 4 വർഷം മുൻപ് തകർന്ന മറ്റൊരു ഷട്ടർ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ എന്ന പേരിൽ ജലസേചന വകുപ്പ് എല്ലാ വർഷവും തോട്ടപ്പള്ളിയിൽ കരിമണൽ ഖനന കരാർ കൃത്യമായി പുതുക്കുമ്പോഴാണ് ഇതേ ലക്ഷ്യത്തോടെ പണിത സ്പിൽവേയിലെ ഷട്ടറുകൾ കേടുവന്നു നശിക്കുന്നത്. വെള്ളപ്പൊക്ക കാലത്തു ലീഡിങ് ചാനൽ വഴി ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കി വിടാനാണു തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത്. ആകെ 40 ഷട്ടറുണ്ട്. അതിൽ 36, 40 ഷട്ടറുകളാണു കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണത്. 21, 25 ഷട്ടറുകൾക്കും തകരാറുണ്ട്. ഏഴാമത്തെ ഷട്ടറാണു 4 വർഷം മുൻപ് കേടായത്.
ബാക്കി ഷട്ടറുകളിൽ പകുതിയിലേറെയും ഉയർത്താനും താഴ്ത്താനും ബുദ്ധിമുട്ടാണ്. വെള്ളപ്പൊക്കം ഒഴിവാക്കാൻ 37 ഷട്ടറുകൾ ഉയർത്തിയെന്നാണു ജലസേചന വകുപ്പ് പറയുന്നുന്നത്. വകുപ്പിലെ ടെക്നിക്കൽ വിഭാഗത്തിനാണു ഷട്ടറുകളുടെ ചുമതല. ഷട്ടറുകൾ പൂർണമായി മാറ്റാൻ 2019ലും 2021ലും ജലസേചന വകുപ്പ് ടെൻഡർ ക്ഷണിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. സ്പിൽവേയിലെ പൊഴി മുറിക്കാനുള്ള കരാർ നൽകുന്നതും ജലസേചന വകുപ്പു തന്നെയാണ്. വെള്ളപ്പൊക്കം മുൻനിർത്തിയുള്ള പൊഴിമുറിക്കലിന്റെ പേരിൽ കഴിഞ്ഞ 5 വർഷമായി കരിമണൽ ഖനനമാണു തോട്ടപ്പള്ളിയിൽ നടക്കുന്നത്.