ADVERTISEMENT

മാവേലിക്കര ∙ പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകളുടെ കമ്പികൾ ഉയർന്നു നിൽക്കുന്നതിനെത്തുടർന്നു കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ പ്രവേശന കവാടം മാറ്റി, പഴയ കവാടത്തിനു സമീപം റിബൺ കെട്ടി പ്രവേശനം നിരോധിച്ചതിനു പിന്നാലെ അനധികൃത പാർക്കിങ്, കെഎസ്ആർടിസി ബസ് സ്റ്റേഷനു മുൻവശം ഗതാഗതക്കുരുക്ക് പതിവാകുന്നു.  കോട്ടത്തോടിന്റെ മുകളിൽ നിന്നിരുന്ന കെട്ടിടം വർഷങ്ങൾക്കു മുൻപ് പൊളിച്ചു നീക്കിയിരുന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകൾ തറനിരപ്പിൽ നിന്നു മുറിച്ചു നീക്കിയ ശേഷം ഇവിടെ മണ്ണിട്ടു നികത്തുകയായിരുന്നു. ശക്തമായ മഴയെ തുടർന്നു മണ്ണ് ഒഴുകിപ്പോയി കമ്പികൾ തെളിഞ്ഞതോടെയാണു ഇന്നലെ രാവിലെ ബസുകൾ അകത്തേക്കു പ്രവേശിക്കുന്ന കവാടം മാറ്റിയത്. ഇവിടെ റിബൺ കെട്ടി തിരിച്ചതോടെ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ തുടങ്ങിയതാണു ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.   കവാടം മാറ്റിയത് അറിയാതെ എത്തിയ ഡ്രൈവർമാർ പഴയ കവാടത്തിലൂടെ പ്രവേശിക്കാനാകാതെ ബസ് പുറകിലേക്ക് എടുത്തു കയറേണ്ട സാഹചര്യം ഉണ്ടായി. മുന്നറിയിപ്പ് നൽകാൻ സെക്യൂരിറ്റിയെ പോലും നിയോഗിക്കാത്തതും കുരുക്ക് വർധിപ്പിച്ചു.

നവീകരണം വൈകും
കോട്ടത്തോടിനു മുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചാണു കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്കും പുറത്തേക്കും ബസുകൾ കടന്നു പോകുന്നത്. കാലപ്പഴക്കം മൂലം പല സ്ലാബുകളും തകർന്ന് ഓടയിലേക്കു വീഴുകയും ചെയ്ത സാഹചര്യത്തിലാണു ബസ് സ്റ്റേഷൻ യാർഡ് നവീകരണത്തിനൊപ്പം കോട്ടത്തോട് കയ്യേറ്റം ഒഴിപ്പിച്ചു സംരക്ഷണഭിത്തി ബലപ്പെടുത്തി സ്ലാബ് ഇടുന്നതിനു തീരുമാനിച്ചത്. ഇതിനായി ഒന്നര വർഷം മുൻപു 30 ലക്ഷം രൂപയും അനുവദിച്ചു. ബസ് സ്റ്റേഷൻ പരിസരം നവീകരിച്ചു ടൈൽ പാകി ഉദ്ഘാടനം നടത്തി ഒരു വർഷം ആയിട്ടും തോട് നവീകരണം ആരംഭിച്ചില്ല. നവീകരണം നടക്കാത്തതു സംബന്ധിച്ച് അന്വേഷിച്ചപ്പോൾ കരാർ ഏറ്റെടുത്ത ആൾ പണി ഉപേക്ഷിച്ചു, 

   ഇനി പുതിയ ടെൻഡർ വിളിച്ചു കരാറുകാരനെ കണ്ടെത്തണം എന്ന മറുപടിയാണു ലഭിച്ചത്. ബസ് സ്റ്റേഷൻ പരിസരവും ഓടയുടെ ഭാഗവും രണ്ടു തട്ടായിട്ടാണ് ഇപ്പോൾ കിടക്കുന്നത്. ചെറിയൊരു മഴ പെയ്താൽ തന്നെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകട സാധ്യതയും ഏറെയാണ്.  സ്റ്റേഷൻ പരിസരത്തേക്കു ബസുകൾ പ്രവേശിക്കുന്നതു തന്നെ കുഴികളിൽ വീണ് ആടിയുലഞ്ഞാണ്. ഈ സാഹചര്യത്തിലാണു പ്രവേശന കവാടം മാറ്റിയത്.  പമ്പിനു സമീപം സ്ലാബ് തകർന്നു കിടക്കുന്ന ഭാഗത്ത് ഒടിഞ്ഞു കിടന്ന സ്ലാബ് കോട്ടത്തോട്ടിലേക്ക് തന്നെ തട്ടിയിട്ട ശേഷമാണു പുതിയ സ്ലാബ് സ്ഥാപിച്ചത്. ഓട നവീകരണത്തിനായി കൊണ്ടുവന്ന ചെറിയ പാറക്കഷണങ്ങൾ ബസ് സ്റ്റേഷന്റെ വടക്കു വശത്ത് ഓടയിലേക്ക് ഇട്ടതു മഴ ശക്തമാകുന്നതോടെ നീരൊഴുക്കു തടസ്സപ്പെടാൻ ഇടയാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com