ADVERTISEMENT

കുട്ടനാട് ∙ ചമ്പക്കുളം ഗോവേന്ത പാടശേഖര പ്രദേശത്ത് അടുത്ത കൃഷിക്കായി തയാറാക്കുന്നതിന്റെ ഭാഗമായി പാടശേഖരത്തിലെ പെട്ടിയും പറയും മാറ്റിയതിനൊപ്പം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതിനെ തുടർന്നു വീടുകൾ വെള്ളത്തിലായി. വെള്ളം കയറിയ വീടുകൾ തോമസ് കെ.തോമസ് എംഎൽഎ സന്ദർശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളം കയറിയ വീടുകളിൽ താമസിക്കാൻ സാധിക്കാത്ത ആളുകളെ ക്യാംപിലേക്കു മാറ്റുവാൻ വേണ്ട നിർദേശം തഹസിൽദാർക്കു നൽകി. 

പാടശേഖരത്തിന്റെ മട കുത്തി ജലനിരപ്പ് കുറയ്ക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നിർദേശം നൽകി. തുടർന്നു പെയ്ത്തു വെള്ളം നിറഞ്ഞ് ഇത്തരത്തിൽ ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പാടശേഖര സമിതികളുടെ യോഗം വിളിച്ചു വേണ്ട നിർദേശം നൽകുമെന്നും എംഎൽഎ പറഞ്ഞു. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീകാന്ത് തുടങ്ങിയവർ എംഎൽഎക്ക് ഒപ്പമുണ്ടായിരുന്നു.

കാലവർഷക്കെടുതികളെ നേരിടുവാൻ കുട്ടനാട് സജ്ജമാണെന്നു തോമസ് കെ.തോമസ് എംഎൽഎ പറഞ്ഞു. പെയ്ത്തു വെള്ളം നിറഞ്ഞു വീടുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ ക്യാംപ് തുറക്കുന്നതടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ തഹസിൽദാർക്കു നിർദേശം നൽകിയിട്ടുണ്ട്. പാടശേഖരത്തിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്താത്തതാണു കുട്ടനാട്ടിൽ പലയിടങ്ങളിലും വെള്ളപ്പൊക്ക കെടുതി രൂക്ഷമാക്കിയത്. ഇക്കാര്യത്തിൽ പാടശേഖര സമിതികൾ ജാഗ്രത പാലിക്കണം. അടിയന്തരഘട്ടത്തിൽ മോട്ടർ പ്രവർത്തിപ്പിക്കാൻ വൈദ്യുത കണക്‌ഷൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി കണക്‌ഷൻ പാടശേഖരങ്ങളിലെ മോട്ടർ തറകളിൽ നിന്നു വിഛേദിക്കാതെ അടിയന്തര ഘട്ടങ്ങളിലും പ്രവർത്തിപ്പിക്കാൻ കഴിയും വിധമുള്ള സംവിധാനം ഒരുക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com