ശക്തമായ മഴയിൽ ചന്തിരൂരിൽ ദേശീയപാത ഇടിഞ്ഞ് വൻ ഗതാഗതക്കുരുക്ക്; ലോറികളും തകരാറിലായി

Mail This Article
തുറവൂർ∙ ശക്തമായ മഴയിൽ പാത ഇടിഞ്ഞു താഴ്ന്നത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. പുലർച്ചെ 5.30ന് തുടങ്ങിയ ഗതാഗതക്കുരുക്ക് രാവിലെ 8.15 വരെ തുടർന്നു. ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച വൈകിട്ട് മുതൽ തോരാതെ പെയ്ത പെയ്ത മഴയിൽ പെയ്ത്തുവെള്ളം നിറഞ്ഞ ദേശീയപാതയോരം ഇടിഞ്ഞു താഴുകയായിരുന്നു. ഇതിനിടെ തമിഴ്നാട്ടിൽ നിന്നു ചേർത്തലയിലേക്ക് പോകുകയായിരുന്ന 2 ലോറികൾ തകരാറിലായത് കുരുക്ക് രൂക്ഷമാക്കി. ഒരു ലോറി പാതയുടെ മധ്യത്തിൽ തകരാറിലായി. മറ്റൊന്ന് ഇടിഞ്ഞു താഴ്ന്ന കുഴിയിലേക്ക് ചരിഞ്ഞു.ഇതോടെ ചേർത്തല ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
പഴയ ദേശീയപാത വഴിയും സമാന്തരമായി നിർമിച്ച ഇരുമ്പ് പാലം വഴിയും ഗതാഗതം തിരിച്ചു വിടാൻ ശ്രമം നടന്നെങ്കിലും കടുത്ത കുരുക്ക് തടസ്സമായി. തുടർന്ന് അരൂർ പൊലീസ് എത്തിയെങ്കിലും താഴ്ന്നുപോയ ലോറി ഉയർത്തി മാറ്റാനായില്ല. ഉയരപ്പാത കരാറുകാരുടെ തൊഴിലാളികളെത്തി ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് മെറ്റൽ ഇട്ട് ഉയർത്തിയ ശേഷം വാഹനം നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആലപ്പുഴ ഭാഗത്ത് നിന്നു വടക്കോട്ട് പോകുന്ന 4.5 മീറ്റർ ഉയരമുള്ള വാഹനങ്ങൾ തുറവൂരിൽ നിന്നു ടിഡി– കുമ്പളങ്ങി റോഡ് വഴിയും കൊച്ചിയിൽ നിന്നു തെക്കോട്ട് പോകുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴിയും തിരിച്ചു വിട്ടതോടെയാണ് ഗതാഗതം അൽപം മെച്ചപ്പെടുത്താനായത്.
എന്നാലും വാഹനങ്ങൾ ഇഴഞ്ഞാണ് പാതയിലൂടെ സഞ്ചരിച്ചത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഇരുവശങ്ങളിലേക്കും ഓരോ വരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതിനാൽ വാഹനക്കുരുക്കേറെയാണ്. പാതയുടെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതി കൂട്ടിയെങ്കിലും ഇവിടെ ബിറ്റുമിൻ മിശ്രിതം ഉപയോഗിച്ച് നിരപ്പാക്കിയതല്ലാതെ ടാറിങ് നടത്തിയിട്ടില്ല. ഇതിനാൽ പെയ്ത്തുവെള്ളം നിറഞ്ഞതോടെ കുഴികളും നിറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതായതോടെ വെള്ളക്കെട്ടും രൂക്ഷമാണ്.