മഴ ശക്തം; കൊയ്തിട്ട നെല്ല് കരയ്ക്കെത്തിച്ച് കർഷകർ

Mail This Article
മാന്നാർ ∙ മഴ ശക്തമായതോടെ നെല്ലെടുപ്പു മുടങ്ങിയ മാന്നാർ നാലുതോടു പാടശേഖരത്തിലെ നെല്ല് കർഷകർ സ്വന്തം ചെലവിൽ കരക്കെത്തിച്ചു. കിഴിവിനെ ചൊല്ലി നെല്ലുശേഖരണം വൈകിയ മാന്നാർ നാലുതോടു പാടശേഖരത്തിൽ നിന്നും ഇനിയും 4 ലോഡു നെല്ലാണ് മില്ലുകാർ എടുക്കേണ്ടത്. കനത്ത മഴയിൽ നെല്ല് മുങ്ങുമെന്നു കണ്ടതോടെ കർഷകർ ഇവ കരയ്ക്കെത്തിച്ചു.
നാലുതോടു പാടശേഖരത്തിന്റെ വശത്തു കൂടി കടന്നു പോകുന്ന മുക്കം– വാലയിൽ ബണ്ടു റോഡിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ വലിയ വാഹനങ്ങൾക്കു ബണ്ടു റോഡിലൂടെ കടന്നു പോകാത്തതിനാൽ ഏറെ കഠിനാധ്വാനം ചെയ്തു കർഷകർ ചെറിയ വാഹനങ്ങളിൽ നെല്ലു കരയ്ക്കെത്തിച്ചു.
ഇവ വീടുകളുടെ പോർച്ചിലും സൂക്ഷിച്ചിരിക്കുകയാണ്. മില്ലുകാർ നെല്ലെടുക്കാൻ എന്നു വരുമെന്നു നോക്കിയിരിക്കുകയാണു കർഷകരെന്നു പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ്, കർഷകൻ കുര്യാക്കോസ് പറയകാട്ടും പറഞ്ഞു.