കടലേറ്റം; മണൽവാട തകർന്നു
Mail This Article
തുറവൂർ ∙ ശക്തമായ കടലേറ്റത്തിൽ പള്ളിത്തോട് തീരത്ത് താൽക്കാലികമായി നിർമിച്ച മണൽവാട തകർന്നു. ഒരു മാസം മുൻപും അന്ധകാരനഴി മുതൽ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളിലെ മണൽവാട പല ഭാഗത്തും തകർന്നിരുന്നു. ഒട്ടേറെ വീടുകൾക്കാണ് നാശമുണ്ടായത്. മുൻ വർഷങ്ങളിൽ കാലവർഷ സമയത്ത് തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറിയിരുന്നു.
ഇവിടെ തകർന്നുകിടക്കുന്ന കടൽഭിത്തിക്കു മുകളിലാണ് മണൽവാട നിർമിച്ചിരിക്കുന്നത്. തെക്കേ ചെല്ലാനം മുതൽ അന്ധകാരനഴി വരെയുള്ള 7 കിലോമീറ്റർ ഭാഗത്ത് കടൽഭിത്തി പൂർണമായും തകർന്നു കിടക്കുകയാണ്. ഇതിനുള്ളിൽ വരുന്ന പള്ളിത്തോട് പ്രദേശങ്ങളിൽ പല ഭാഗത്തും പേരിനു പോലും കടൽഭിത്തിയില്ല.
സമീപ പ്രദേശങ്ങളായ വെട്ടയ്ക്കൽ, ആറാട്ടുവഴി, ഒറ്റമശേരി എന്നിവിടങ്ങളിലും കടൽഭിത്തിയില്ലാത്തതു പ്രതിസന്ധിയാണ്. ഒാരോ വർഷവും താൽക്കാലിക പ്രതിരോധം സൃഷ്ടിക്കാതെ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം