ചാനൽ ബോയകൾ നശിക്കുന്നു; പുനഃസ്ഥാപിക്കാൻ നടപടിയില്ല
Mail This Article
പൂച്ചാക്കൽ ∙ കായലിൽ ജലയാനങ്ങൾക്ക് ദിശ അറിയാനായി സ്ഥാപിച്ചിരുന്ന ചാനൽ ബോയകൾ പലതും നശിക്കുന്നു. പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ല. പാണാവള്ളി – പെരുമ്പളം ഫെറിയിലും തവണക്കടവ് – വൈക്കം ഫെറിയിലും ഇപ്പോൾ ചാനൽ ബോയകൾ പേരിനു മാത്രമാണ്. ഇവിടങ്ങളിൽ ബോട്ട്, ജങ്കാർ സർവീസുകൾ ഉള്ളതാണ്. രാത്രികാലങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ഉൾപ്പെടെ ജലയാനങ്ങൾക്ക് ചാലും ദിശയും തിരിച്ചറിയാനായാണ് ഇവ സ്ഥാപിച്ചത്.
കായലിൽ പൊങ്ങിക്കിടക്കുന്ന ബോയകളും അതിലെ ചെറിയ വെളിച്ചവുമാണ് ചാലിന്റെയും ദിശയുടെയും അടയാളം. ജലയാനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്നതും ആഴമേറിയതുമായ ഭാഗം നേരത്തെ കണ്ടെത്തി അതിനു വശങ്ങളിലാണ് പോർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോയകൾ സ്ഥാപിച്ചത്. ബോയകൾ ഇല്ലാതാകുന്നത് ജലയാനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് തടസ്സമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.