മഴയിലും കാറ്റിലും വ്യാപകനാശനഷ്ടം
Mail This Article
എടത്വ ∙ മഴയിലും കാറ്റിലും പെട്ട് തലവടിയിൽ വീടിന്റെ അടുക്കള പൂർണമായും തകർന്നു. തലവടി പഞ്ചായത്ത് 14–ാം വാർഡ് പീടികത്തറ വീട്ടിൽ ഇട്ടി ചെല്ലപ്പന്റെ വീടിന്റെ അടുക്കളയാണു ഇന്നലെ രാവിലെ 8.30 ന് തകർന്നത്. അടുക്കളയിൽ ചെല്ലപ്പന്റെ ഭാര്യ ജോലി ചെയ്യുന്ന സമയമായിരുന്നു.
പെട്ടെന്ന് മഴ പെയ്തപ്പോൾ തുണി എടുക്കാൻ പുറത്തേക്കിറങ്ങിയപ്പോൾ ഓടും കഴുക്കോലും ഉൾപ്പെടെ വീഴുകയായിരുന്നു. ലൈഫ് മിഷനിൽ നിന്നും ഒരു വർഷം മുൻപ് വീട് അനുവദിച്ചെങ്കിലും പഞ്ചായത്തിൽ നൽകിയ റേഷൻ കാർഡിലെ നമ്പർ തെറ്റായി രേഖപ്പെടുത്തിയതിനാൽ തടസ്സപ്പെട്ടു കിടക്കുകയാണ്.
എടത്വ പഞ്ചായത്ത് ഏഴാം വാർഡ് മുണ്ടുവേലിൽ എബിൻ വർഗീസിന്റെ വീടിന്റെ മുകളിലേക്ക് സമീപത്തു നിന്നിരുന്ന കൂറ്റൻ മാവ് വീണതും ഇന്നലെ രാവിലെ 8.30 ന് ആഞ്ഞുവീശിയ കാറ്റിനെ തുടർന്നായിരുന്നു. ശക്തമായ മഴയും കാറ്റും ഉണ്ടെങ്കിലും നദികളിൽ ജലനിരപ്പ് അമിതമായി ഉയർന്നിട്ടില്ല.
കിഴക്കൻ വെള്ളത്തിന്റെ വരവ് കുറച്ചെങ്കിലും ബാധിക്കുന്ന അപ്പർ കുട്ടനാടൻ മേഖലയായ വീയപുരം ,ചെറുതന ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഒട്ടേറെ കർഷകരുടെ കരക്കൃഷിയും നശിച്ചിട്ടുണ്ട്.