ADVERTISEMENT

ആലപ്പുഴ∙ നഗരത്തിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളക്കെട്ടുകൾക്കു കാരണമായ താൽക്കാലിക ബണ്ടുകൾ പൊളിച്ചു നീക്കി. വനിതാ പൊലീസ് സ്റ്റേഷന് പിന്നിലെയും പടിഞ്ഞാറെ തോട്ടത്തോടിലെയും പൂന്തോപ്പിലെയും താൽക്കാലിക ബണ്ടുകളാണു നഗരസഭ പൊതുമരാമത്ത്– ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റിയത്.യാഫി പള്ളി, കുന്നുപുറം പള്ളി, കൊച്ചു കളപ്പുര അമ്പലം, സക്കറിയ ബസാർ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്നാണു റാണിത്തോടിന്റെ കൈവഴിയായ റബർഫാക്ടറിക്കു സമീപത്തെ കൈവഴിയിലുള്ള തടസ്സം ശ്രദ്ധയിൽപ്പെട്ടത്.പുതിയ എസ്പി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് വനിത പൊലീസ് സ്റ്റേഷന്റെ പിറകുവശത്ത് താൽക്കാലിക ബണ്ട് കെട്ടിയതാണു വെള്ളം ഒഴുകി പോകുന്നതിന് തടസ്സമെന്നു കണ്ടെത്തി. 

തുടർന്ന് ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈന്റെ നേതൃത്വത്തിൽ സക്കറിയ ഡിവിഷൻ കൗൺസിലർ നജിത ഹാരിസ്, നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ സുമേഷ് പവിത്രൻ, സുനിൽ എന്നിവർ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണിനെ നേരിൽ കണ്ടു ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. അടിയന്തരമായി ബണ്ട് പൊളിച്ച് മാറ്റി വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ എസ്പി നിർദേശിച്ചതോടെ കരാറുകാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് താൽക്കാലിക ബണ്ട് പൂർണമായും പൊളിച്ചുമാറ്റി.

കരളകത്ത് വെള്ളക്കെട്ടിലായത് നൂറോളം കുടുംബങ്ങൾ
കരളകം പാടത്ത് പടിഞ്ഞാറെ തോട്ടത്തോട് പാലത്തിനു വേണ്ടി താൽക്കാലിക ബണ്ട് നിർമിച്ചതിനെ തുടർന്നു നൂറോളം വീടുകൾ അഞ്ചു ദിവസമായി വെള്ളക്കെട്ടിലായിരുന്നു. 2016ൽ ടെൻഡർ ചെയ്ത പാലം നിർമാണ നടപടികളിലേക്കു കടന്നതു അടുത്തിടെയാണ്. ഇതുവഴിയുള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ ജല അതോറിറ്റി അലംഭാവം കാണിച്ചതാണു നിർമാണം വൈകിയത്. ബണ്ട് ഇട്ട ശേഷം പോളിങ് ദിവസത്തിന്റെ പിറ്റേന്നു പാലം പൊളിച്ചു. കഴിഞ്ഞ 20 നും 21 നും പെയ്ത മഴയിൽ തന്നെ പ്രദേശം മുങ്ങി. കരളകം വാർഡിലെ പണിക്കർ ജംക്‌ഷൻ, പാലക്കുളം, കൊറ്റംകുളങ്ങര വാർഡിന്റെ പ്രദേശങ്ങൾ എല്ലാം മുങ്ങി. വീടുകളിൽ വെള്ളം കയറി. കൃഷികൾ നശിച്ചു തുടങ്ങി.

വളർത്തു മൃഗങ്ങൾക്കും രോഗം പിടിപെട്ടു. നടവഴികളിലൂടെയുള്ള യാത്ര അപകടം സൃഷ്ടിക്കുന്നതായും വാർഡ് കൗൺസിലർ അമ്പിളി അരവിന്ദ് പറഞ്ഞു. ഈ ഭാഗത്താണ് ഇന്നലെ താൽക്കാലിക ബണ്ട് പൊളിച്ചു നീക്കി വെള്ളക്കെട്ട് ഒഴിവാക്കിയത്. പൂന്തോപ്പ് ഭാഗങ്ങളിൽ വെള്ളക്കെട്ടിനു കാരണമായ അസീസി പള്ളിക്കു പിറകു വശത്തെ ബണ്ടും ഇന്നലെ നഗരസഭ ആരോഗ്യ വിഭാഗം പൊളിച്ചു നീക്കി. പി.പി.ചിത്തരഞ്ജൻ എംഎൽഎ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, സ്ഥിരസമിതി അധ്യക്ഷരായ എം.ആർ.പ്രേം, എ.എസ് കവിത എന്നിവർ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ചു.

വീട് തകർന്നു
ആര്യാട് ∙ ശക്തമായ മഴയിൽ മരം വീണ് വീട് തകർന്നു. ആര്യാട് പഞ്ചായത്ത് ഏഴാം വാർഡ് പി.എൻ.ഹൗസിൽ കിഴക്കേ പള്ളത്ത് മുഹമ്മദ് റഷീദിന്റെ വീടിനാണു നാശമുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com