ADVERTISEMENT

ബെംഗളൂരു ∙ മുന്നറിയിപ്പുകൾ അവഗണിച്ച്, അടുക്കള മാലിന്യം വേർതിരിച്ചു നൽകുന്നതിൽ വീഴ്ച വരുത്തിയ വീട്ടുടമകൾക്ക് പിഴ ചുമത്തി ബിബിഎംപി. മൂന്നാഴ്ചക്കിടെ അഞ്ഞൂറോളം പേരിൽ നിന്നാണ് 500 രൂപ വരെ പിഴയിടാക്കിയത്. 6 സോണുകളിൽ നിന്നായി 1.4 ലക്ഷം രൂപയാണ് ബിബിഎംപി പിരിച്ചെടുത്തത്. ബെംഗളൂരു ഈസ്റ്റ് (36850 രൂപ), മഹാവേദപുര (33700), വെസ്റ്റ് (25700), ബൊമ്മനഹള്ളി (16550), യെലഹങ്ക (15100), ദാസറഹള്ളി (9100) എന്നിങ്ങനെയാണ് സോൺ തിരിച്ചുള്ള കണക്ക്.ഈ മാസം ഒന്നു മുതലാണ് വീടുകളിൽ നിന്നു ഖര-ദ്രവ മാലിന്യം വേർതിരിച്ചു നൽകുന്നതു നിർബന്ധമാക്കിയത്.

വേർതിരിക്കാത്തവ സ്വീകരിക്കേണ്ടെന്ന്, മാലിന്യം ശേഖരിക്കാൻ ഓട്ടോ ടിപ്പറുകളിൽ എത്തുന്ന കരാറുകാർക്കു നിർദേശം നൽകിയിരുന്നു. മാലിന്യം വേർതിരിക്കാത്തവർക്ക് 500 മുതൽ 1000 രൂപ വരെയാണ് പിഴ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ മാസമായ‌‌‌തിനാൽ 100 മുതൽ 500 രൂപ വരെയാണ് പിഴ ചുമത്തുന്നതെന്നും വരും ദിവസങ്ങളിൽ നടപടി കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.അതേസമയം പലയിടത്തും മാലിന്യം ശേഖരിക്കാൻ ഓട്ടോ ടിപ്പറുകൾ കൃത്യമായെത്തുന്നില്ലെന്ന ആരോപണവുമുണ്ട്.

അടുക്കള മാലിന്യം  ജൈവവളമാക്കി‘സ്പെഷൽ’ മാതൃക

ഓട്ടോ ടിപ്പറുകാർക്കു കൈമാറാതെ അടുക്കള മാലിന്യം ഉപയോഗിച്ച് ജൈവവളം നിർമിക്കാൻ നഗരവാസികൾക്കു പ്രചോദനമേകി, സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണത്തിന്റെ വിഡിയോ പങ്കുവച്ച് ബിബിഎംപി ഖരമാലിന്യ സംസ്കരണ വിഭാഗം സ്പെഷൽ കമ്മിഷണർ ഡി.രൺദീപ്. ജൈവവളം നിർമിക്കാൻ പല വലുപ്പത്തിലുള്ള കംപോസ്റ്ററുകൾ മാർക്കറ്റിൽ ലഭ്യമാണ്. പ്ലാസ്റ്റിക് കവർ ഉപയോഗിക്കാതെ, ബക്കറ്റിൽ നേരിട്ട് ശേഖരിക്കുന്ന അടുക്കള മാലിന്യം പിന്നീട് കംപോസ്റ്ററിൽ നിക്ഷേപിക്കാം.ഇതിനു മുകളിൽ കൊക്കോ പീറ്റ് വിതറാം. ഒരു മാസം കൊണ്ട് ഇത്തരത്തിൽ ജൈവവളം നിർമിക്കാം. സ്വന്തം അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ സമീപത്തെ പാർക്കുകൾക്കു വളം കൈമാറുകയോ ചെയ്യാമെന്നും രൺദീപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com