ADVERTISEMENT

ബെംഗളൂരു∙ ബന്ദും പണിമുടക്കും കാര്യമായി ഏൽക്കാത്ത ബെംഗളൂരു നഗരം കോവിഡ് രോഗ വ്യാപനം തടയാനുള്ള  ജനതാ കർഫ്യൂവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പൊതുഗതാഗത സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ യാത്രാവാഹനങ്ങളും നിരത്തുകളിൽ നിന്നൊഴിഞ്ഞുനിന്നു.  

∙ വ്യാപാര സ്ഥാപനങ്ങളും പൂർണമായി അടഞ്ഞുകിടന്നു. ഞായറാഴ്ചകളിൽ പാർക്കുകളിലും ഷോപ്പിങ് മാളുകളിലും സമയം ചെലവഴിച്ച് ശീലിച്ച  നഗരവാസികൾ വീടുകളിൽ  ഒതുങ്ങിക്കൂടി. 

∙ ഗതാഗതക്കുരുക്കിൽ എന്നും വലഞ്ഞിരുന്ന നഗരവാസികൾക്ക് മുന്നിൽ വിജനമായ നിരത്തുകൾ വേറിട്ട കാഴ്ചയായി. 

 ബിഎംടിസി, മെട്രോ സർവീസുകൾ പൂർണമായി നിർത്തി. വെബ് ടാക്സികൾ സർവീസ് നടത്തിയില്ല. ചുരുക്കം ഓട്ടോറിക്ഷകൾ മാത്രം ഓടി.  നഗരത്തിലെ പ്രധാന ബസ് ടെർമിനലുകൾ വിജനമായപ്പോൾ റെയിൽവേ സ്റ്റേഷനുകളിൽ ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങിയവർ വാഹനം കിട്ടാതെ സ്റ്റേഷനുകളിൽ തന്നെയിരുന്നു. ഇതിനിടെ സർവീസ് നടത്തിയ ഓട്ടോറിക്ഷകൾ  യാത്രക്കാരിൽ നിന്നും മൂന്നിരട്ടിവരെ അധിക നിരക്ക് ഈടാക്കിയതായി പരാതിയുയർന്നു.

∙ ഹോട്ടലുകൾ പൂർണമായും അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ ഭക്ഷണ ഡെലിവറി സംവിധാനവും നിലച്ചു. റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷണസ്റ്റാളുകൾ  അടച്ചതോടെ ദീർഘദൂര ട്രെയിനുകളിൽ എത്തിയവർ വിശന്നു വലഞ്ഞു. കച്ചവടം കുറഞ്ഞതോടെ  ഇതര സംസ്ഥാനക്കാരായ ഹോട്ടൽ തൊഴിലാളികൾ പലരും കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. 

∙ നഗരത്തിലെ ഏറ്റവും തിരക്കേറിയ കെആർ മാർക്കറ്റ് കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമായി പൂർണമായി നിശ്ചലമായി. തെരുവ് കച്ചവടക്കാർ പോലും ഒഴിഞ്ഞ മാർക്കറ്റിൽ കന്നുകാലികൾ മാത്രമായിരുന്നു വിശ്രമിക്കാനെത്തിയത്. മല്ലേശ്വരം, യശ്വന്ത്പുര, ശിവാജിനഗർ, ഗാന്ധിനഗർ, ബസനവഗുഡി എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. 

∙ അവശ്യ സാധനങ്ങൾ  വാങ്ങാൻ നെട്ടോട്ടം

ജനതാ കർഫ്യൂവിന്റെ തലേദിവസം അവശ്യസാധനങ്ങൾ വാങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു ജനം. സാധനങ്ങൾ കിട്ടാനില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം കൂടിയായപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ രാവിലെ മുതലേ തന്നെ തിരക്കായിരുന്നു. പാൽ വിൽപനകേന്ദ്രങ്ങളിൽ വൈകിട്ടോടെ പാൽ പൂർണമായി തീർന്നു. വൻകിട റീട്ടെയിൽ ഔട്ട് ലെറ്റുകളിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണം ഉണ്ടായില്ല. പലയിടങ്ങളിലും അരി, ഗോതമ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ തീർന്നു. പച്ചക്കറികൾക്കും അമിത വിലയാണ്  ഈടാക്കിയത്. 

 ∙ നഗരത്തിൽ ഇന്നലെ വൈകിട്ട് തുറന്ന കടകളിൽ പാലിന് ഈടാക്കിയത് കൊള്ളവില. കർഫ്യൂ സമയം തീരുന്നതിന് മുൻപേ തന്നെ പാൽവിൽപന കേന്ദ്രങ്ങൾ തുറന്നെങ്കിലും 19 രൂപയുടെ അര ലീറ്റർ നന്ദിനി പാലിന് 25 രൂപവരെയാണ് ഈടാക്കിയത്. പാൽ വിൽപന ഉണ്ടാകില്ലെന്ന തരത്തിൽ പ്രചാരണം കൂടിയായതോടെ പലരും അമിത വില നൽകി പാൽ വാങ്ങിയാണ് മടങ്ങിയത്. 

∙ ജനതാ കർഫ്യൂവിനിടയിൽ  നഗരത്തിലെ പെയിങ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങളിൽ താമസിക്കുന്നവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. 

ഭക്ഷണം ഉൾപ്പെടെയുള്ള പിജികളിൽ പോലും താമസക്കാർ കുറഞ്ഞതോടെ ഭക്ഷണ വിതരണം നിർത്തിവച്ചിരിക്കുകയാണ്. ഭക്ഷണമില്ലാത്ത പിജികളിൽ താമസിക്കുന്നവർ ഹോട്ടലുകൾ കൂടി അടച്ചതോടെ വിശന്നിരിക്കേണ്ട അവസ്ഥയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com