ADVERTISEMENT

ബെംഗളൂരു ∙ കേന്ദ്ര മാർഗനിർദേശ പ്രകാരം 31 വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയ പശ്ചാത്തലത്തിൽ, കേരളത്തിന്റെയും കർണാടകയുടെയും യാത്രാ പാസുകൾ തന്നെയാണ് ബെംഗളൂരുവിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കു നാടെത്താനുള്ള പ്രധാന കടമ്പ. ജൂൺ 5നു ശേഷമുള്ള ജാഗ്രത പാസുകളാണ് നിലവിൽ കേരളം ലഭ്യമാക്കുന്നത്. കർണാടകയുടെ സേവാസിന്ധുവിൽ പാസിനായി അപേക്ഷിച്ചവരാകട്ടെ അനന്തമായി കാത്തിരിപ്പിലും. കേരളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു വരികയാണെന്നു പാസ് ഉടൻ ലഭ്യമാകുമെന്നുമുള്ള സന്ദേശമാണ് പലർക്കും ലഭിക്കുന്നത്.

∙ അതേസമയം സേവാസിന്ധു കൃത്യമായി ലഭിക്കാത്ത പശ്ചാത്തലത്തിൽ, ജാഗ്രത പാസ് ഉപയോഗിച്ച് അതിർത്തി കടക്കുന്നവർ ഏറെ. കർണാടകയ്ക്കു പുറത്തേക്കു പോകുന്നവർക്ക് അതിർത്തിയിൽ സേവാസിന്ധു പാസ് അത്ര കർശനമായി പരിശോധിക്കുന്നില്ലെന്നാണ് സൂചന. 

∙ ബാംഗ്ലൂർ കേരള സമാജം ഇന്നലെ 4 സ്വകാര്യ ബസുകളാണ് കേരളത്തിലേക്ക് അയച്ചത്. വാളയാർ വഴി എറണാകുളം, മുത്തങ്ങ വഴി കോഴിക്കോട്, കണ്ണൂർ, മഞ്ചേശ്വരം വഴി കാസർകോട് എന്നിങ്ങനെയാണിത്. 24 ബസുകളാണ് ഇതേവരെ ഇവർ അയച്ചത്. ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിലേക്ക് ബസുകൾ അയയ്ക്കും.

കേരളത്തിന് വിലക്ക് ഇല്ലെന്ന് സൂചന

ബെംഗളൂരു ∙ കർണാടകയിലേക്ക് പ്രവേശന വിലക്ക് ബാധകമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ പേര് മുഖ്യമന്ത്രി യെഡിയൂരപ്പ പരമാർശിച്ചെങ്കിലും, മാർഗനിർദേശങ്ങൾ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ ഇക്കാര്യമില്ല. കോവിഡ് വ്യാപനം ഏറെയുള്ള മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരെ 31 വരെ വിലക്കാനാണ് നീക്കമെന്ന് പിന്നീട് ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണയും വ്യക്തമാക്കി.

ലോക്ഡൗൺ നാലം ഘട്ട നിയന്ത്രണങ്ങളെ കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ നാവുപിഴച്ച്  കേരളത്തിന്റേ പേരു പറഞ്ഞതാകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം തീരെ കുറവാണെന്നതാണ് കാരണം. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് രോഗബാധിതരായവരിൽ മുംബൈ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നെത്തിയവർ ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com