ADVERTISEMENT

ബെംഗളൂരു ∙കാത്തിരിപ്പ് നിരാശയ്ക്കു വഴിമാറിയെങ്കിലും, ബെംഗളൂരു- തിരുവനന്തപുരം സ്പെഷൽ ട്രെയിൻ നാളെ സർവീസ് നടത്തുമെന്ന പ്രതീക്ഷയിൽ മലയാളികളുടെ കാത്തിരിപ്പ് തുടരുന്നു. ഇന്നലെ യാത്ര തിരിക്കേണ്ട ട്രെയിനിന് ആവശ്യത്തിനു യാത്രക്കാരെ ലഭിക്കാതെ വന്നതോടെയാണു യാത്ര നാളത്തേക്ക് മാറ്റിയത്. 3 ദിവസത്തിനിടെ ആയിരത്തോളം പേരാണ് നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ബുക്കിങ് നടത്തി കാത്തിരുന്നത്. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ ഓടിക്കുമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന്  വിദ്യാർഥികളും ജോലി നഷ്ടപ്പെട്ടവരും ഉൾപ്പെടെയുള്ളവർ 1000 രൂപയടച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ഇതുവരെ ഒരറിയിപ്പും യാത്രക്കാർക്ക് ലഭിച്ചിട്ടില്ല. 

അതിർത്തി കടക്കാൻ ഇനിയും ആയിരങ്ങൾ

നാടെത്താൻ നോർക്ക വെബ്സൈറ്റിൽ ആദ്യ ഘട്ടത്തില്‍   റജിസ്റ്റർ ചെയ്തിരുന്നത്  അരലക്ഷത്തോളം പേരാണ്. കേരളത്തിന്റെ ജാഗ്രത പാസ് ലഭിച്ചു തുടങ്ങിയതോടെ, സ്വന്തം വാഹനങ്ങളിലും കർണാടക കോൺഗ്രസും മലയാളി സംഘടനകളും ഒരുക്കിയ ബസുകളിലും മറ്റും പതിനയ്യായിരത്തിലധികം ആളുകൾ നാടെത്തി. എന്നാൽ ഇനിയും പതിനായിരങ്ങൾ കാത്തിരിപ്പ് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്പെഷൽ ട്രെയിനിന് ആവശ്യത്തിന് യാത്രക്കാരെ ലഭിക്കാതെ വന്നത് ചർച്ചയായി. 

ബുക്കിങ് നോർക്ക വഴിയെന്നറിയാതെ

നോർക്ക വഴിയുള്ള ടിക്കറ്റ് ബുക്ക് ചെയ്യണമെന്നത് കൂലിത്തൊഴിലിനും മറ്റു കച്ചവട ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി എത്തി കുടുങ്ങിയ ഏറെപ്പേർക്കും ഇപ്പോഴും അറിയില്ല. ഐആർസിടിസി സൈറ്റിൽ സ്പെഷൽ ട്രെയിൻ അനൗൺസ്മെന്റ് ഇല്ലാത്തതും യാത്രക്കാരെ പിന്തിരിപ്പിച്ചു. നോൺ എസി ചെയർ കാർ ട്രെയിനാണ് കേരളത്തിലേക്ക് ഓടിക്കുന്നത്. ബുക്ക് ചെയ്യുന്നവർ കേരളത്തിലേക്കുള്ള പ്രവേശനാനുമതി ജാഗ്രതാ പാസിലൂടെ ഉറപ്പാക്കുകയും വേണം. ഇതിനിടെ, വിവിധ സംഘടനകൾ നാട്ടിലേക്ക് ബസ് അയയ്ക്കുന്നതു തുടരുന്നു. ഇന്നു വരെയാണ് ബസൂകൾ സജ്ജീകരിച്ചിരിക്കുന്നത്. തുടർന്നുള്ള ആവശ്യക്കാരോടു ട്രെയിൻ സർവീസിനെ കുറിച്ചു ബോധവൽക്കരണം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യാൻ

∙ വെബ്സൈറ്റ്‍: www.registernorkaroots.org
‌∙ഹെൽപ്‌ലൈൻ നമ്പർ‍: 0471-2517225, 2781100, 2781101 (തിരുവനന്തപുരം), 080-25585090 (ബെംഗളൂരു)

ജൂൺ 1 മുതലുള്ള ട്രെയിൻ സർവീസ് കേരളത്തെ തഴഞ്ഞ് റെയിൽവേ

ബെംഗളൂരു ∙ ജൂൺ 1 മുതൽ ബെംഗളൂരുവിൽ നിന്നു സർവീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിൽ ഒരെണ്ണം പോലും കേരളത്തിലേക്ക് ഇല്ലാത്തതു മലയാളികൾക്കു വൻതിരിച്ചടി.  ഹുബ്ബള്ളി ആസ്ഥാനമായുള്ള ദക്ഷിണ പശ്ചിമ റെയിൽവേ കൈകാര്യം ചെയ്യുന്ന 8 ട്രെയിനുകളുടെ ഓൺലൈൻ റിസർവേഷനാണ് ഇന്നലെ ആരംഭിച്ചത്. ഇവയിലൊരെണ്ണം പോലും ബെംഗളൂരു-കേരള റൂട്ടിൽ ഉള്ളവയല്ല. ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ റെയിൽവേയുടെ പട്ടികയിലും മലയാളികൾ ആശ്രയിക്കുന്ന ട്രെയിനുകൾ ഇടംപിടിച്ചിട്ടില്ല.

∙ ഏറെ പ്രതീക്ഷിച്ചിരുന്ന കന്യാകുമാരി എക്സ്പ്രസ് (16525-26) നാളെ പ്രത്യേക ട്രെയിൻ ആയി സർവീസ് നടത്തുന്നുണ്ടെങ്കിലും അടുത്ത മാസം മുതലുള്ള സ്ഥിരം സർവീസിന്റെ കാര്യത്തിൽ വ്യക്തത ആയിട്ടില്ല. യശ്വന്ത്പുര -കണ്ണൂർ (16527-28), കൊച്ചുവേളി -മൈസൂരു (16315-16), ബെംഗളൂരു -എറണാകുളം ഇന്റർസിറ്റി (12677-78), ബാനസവാടി -എറണാകുളം സൂപ്പർഫാസ്റ്റ് (22607-08; 12683-84) തുടങ്ങിയവയാണ് കർണാടക മലയാളികൾ ഏറെ ആശ്രയിക്കുന്ന മറ്റു ട്രെയിനുകൾ. ബെംഗളൂരുവിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകൾ ഇവ ഓടിത്തുടങ്ങുമെന്ന പ്രതീക്ഷയിൽ നാട്ടിലേക്കു പോകാൻ കാത്തിരിക്കുന്നുണ്ട്. സ്വകാര്യ കമ്പനികളിൽ പലതും‍ തുറന്നതിനാൽ ബെംഗളൂരുവിലേക്കു മടങ്ങിയെത്താൻ മാർഗമില്ലാതെ ഒട്ടേറെപ്പേർ നാട്ടിലുണ്ട്.

ഓട്ടത്തിനു റെഡി

മുംബൈ സിഎസ്ടി-ബെംഗളൂരു കെഎസ്ആർ (01301-02), മുംബൈ സിഎസ്ടി-ഗദക് (01139-40), ദാനാപുർ-ബെംഗളൂരു കെഎസ്ആർ സംഘമിത്ര (02295-96), ന്യൂഡൽഹി -യശ്വന്ത്പുര സമ്പർക്കക്രാന്തി (02629-30), ബെംഗളൂരു -ഹുബ്ബള്ളി ജനശതാബ്ദി (02079-80), യശ്വന്ത്പുര -ശിവമൊഗ്ഗ ജനശതാബ്ദി (02779-80), യശ്വന്ത്പുര -ഹൗറ തുരന്തോ (012245-46) എന്നിവയാണ് ഇന്നലെ റിസർവേഷൻ തുടങ്ങിയ ദക്ഷിണ പശ്ചിമ റെയിൽവേയുടെ ട്രെയിനുകൾ. ചെന്നൈ വഴിയുള്ള സംഘമിത്ര ഒഴികെ, തമിഴ്നാട് ഭാഗത്തേക്കു മറ്റൊരു ട്രെയിനിലും ബുക്കിങ് ആരംഭിച്ചിട്ടില്ല.

സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ ഇന്ന് മുതൽ

ബെംഗളൂരു ∙ സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ സർവീസ് ഇന്നു ഭാഗികമായി പുനരാരംഭിക്കും. ബെംഗളൂരുവിൽ നിന്നു മൈസൂരു, ബെളഗാവി എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ട്രെയിൻ സർവീസ്. കർണാടകയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ മാർച്ച് 22നു നിർത്തിവച്ചിരുന്നു. 

∙ ടിക്കറ്റുകൾ ഓൺലൈൻ വഴി മാത്രമേ ലഭിക്കുകയുള്ളൂ. മാസ്ക് ധരിച്ചെത്തുന്ന യാത്രക്കാരെയെ സ്റ്റേഷനിൽ പ്രവേശിപ്പിക്കൂ. എല്ലാവരെയും തെർമൽ പരിശോധനയ്ക്കു വിധേയമാക്കും. ഒരു കോച്ചിൽ പരമാവധി 106 പേർക്കു യാത്ര ചെയ്യാം. സമ്പൂർണ ലോക്ഡൗൺ ഉള്ള ഞായറാഴ്ചകളിൽ ട്രെയിൻ സർവീസ് ഉണ്ടാകില്ല.

∙ മൈസൂരു സ്പെഷൽ ട്രെയിൻ (06503-04) ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.20നു മജസ്റ്റിക് സിറ്റി (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 12.45നു മൈസൂരുവിലെത്തും. കെംഗേരി, രാമനഗര, മദ്ദൂർ, മണ്ഡ്യ, പാണ്ഡവപുര, നാഗനഹള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരിച്ചുള്ള ട്രെയിൻ ഉച്ചയ്ക്ക് 1.45നു പുറപ്പെട്ട് വൈകിട്ട് 5നു ബെംഗളൂരുവിലെത്തും.

∙ ബെളഗാവി സൂപ്പർഫാസ്റ്റ് ട്രെയിൻ (02079-80) വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 8നു ബെംഗളൂരു സിറ്റി (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിൽ‍ നിന്നു പുറപ്പെട്ട് വൈകിട്ട് 6.30നു ബെളഗാവിയിലെത്തും. യശ്വന്ത്പുര, തുമകൂരു, അരസിക്കെരെ, ബിരൂർ, ചിക്കജജൂർ, ദാവനഗെരെ, ഹരിഹർ, റാണിബെന്നൂർ, ഹാവേരി, ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരിച്ചുള്ള ട്രെയിൻ  ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8നു പുറപ്പെട്ട് വൈകിട്ട് 6.30നു ബെംഗളൂരുവിലെത്തും. 

വിമാന സർവീസ്: ആരംഭിച്ചത് ജൂൺ മുതലുള്ള ബുക്കിങ് 

ബെംഗളൂരു ∙ ആഭ്യന്തര സർവീസ് 25ന് ആരംഭിക്കുന്നതിനായി സജ്ജീകരണങ്ങൾ ഒരുക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) വിമാനത്താവളങ്ങൾക്കു നിർദേശം നൽകിയെങ്കിലും ജൂൺ 1 മുതലുള്ള ബുക്കിങ് മാത്രം ആരംഭിച്ച് വിമാനക്കമ്പനികൾ. ഈ ദിവസങ്ങളിലെ ടിക്കറ്റ് ചാർജ് ഗണ്യമായി കൂട്ടുകയും ചെയ്തിട്ടുണ്ട്. ജൂൺ 1നു ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കു നികുതികൾ ഒഴികെ 2846 രൂപയും തിരുവനന്തപുരത്തേക്ക് 3224 രൂപയും കോഴിക്കോട്ടേക്കു 4665 രൂപയും കണ്ണൂരിലേക്കു 2303 രൂപയുമാണ് കുറഞ്ഞ വിമാന നിരക്ക്. ബെംഗളൂരു-കേരള റൂട്ടിൽ അടുത്ത മാസം ട്രെയിൻ സർവീസുകളൊന്നും പ്രഖ്യാപിക്കാത്തതിനാൽ വിമാന സർവീസുകൾക്കു ഡിമാൻഡ് ഉയർന്നേക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com