ADVERTISEMENT

ബെംഗളൂരു ∙ രണ്ടു സ്ത്രീകളുടെ ജീവനെടുത്ത് നഗരത്തിൽ കനത്ത മഴയും കാറ്റും. രാജരാജേശ്വരി നഗറിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് ഇഷ്ടിക വീണ് ഐടി ജീവനക്കാരിയും ബേഗൂരിൽ മരമൊടിഞ്ഞു വീണ് ലാബ് ടെക്നീഷ്യനുമാണ് മരിച്ചത്.  ടിസിഎസ് ജീവനക്കാരിയും നന്ദിനി ലേഔട്ട് നിവാസിയുമായ ആർ.ശിൽപ(21)യാണ് ഇഷ്ടിക ദേഹത്തു വീണു മരിച്ചത്. ഓട്ടോ ഡ്രൈവറായ പിതാവിനും അമ്മയ്ക്കും സഹോദരനുമൊപ്പം ആസ്ബറ്റോസ് മേഞ്ഞ വീട്ടിലാണ് ശിൽപ താമസിച്ചിരുന്നത്.

അയൽവാസിയുടെ വീടിന്റെ ഒന്നാം നിലയിൽ ദിവസങ്ങൾക്കു മുൻപു കെട്ടിയ ഭിത്തിയിൽ നിന്ന് വീണ ഇഷ്ടികകൾ വീടിന്റെ മേൽക്കൂര തകർത്ത് ശിൽപയുടെ തലയിൽ പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  അമ്മയ്ക്കും സഹോദരനും പരുക്കേറ്റു. നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഉടമ മഹേഷിനെതിരെ പൊലീസ് കേസെടുത്തു. ലാബ് ടെക്നീഷ്യനായ ഹേമ(45) ഓഫിസിൽ നിന്നു സ്കൂട്ടറിൽ വീട്ടിലേക്കു പോകവേ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. 

പാമ്പ് ശല്യവും കൂടി

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ പാമ്പുശല്യവും കൂടിയിട്ടുണ്ട്. അപാർട്മെന്റുകളിലെ പാർക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളിലുമൊക്കെ വിഷമുള്ള പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത് പതിവായി.   ബിബിഎംപി  ഹെൽപ്‌ലൈനിൽ ബന്ധപ്പെട്ടാൽ പാമ്പ് പിടിത്തക്കാരുടെ സേവനം ലഭിക്കുമെന്നു  കമ്മിഷണർ ബി.എച്ച്.അനിൽകുമാർ പറഞ്ഞു. ഹെൽപ്‌ലൈൻ: 080-22660000 

വൈദ്യുതി മുടക്കം പതിവായി

ചൊവ്വാഴ്ചത്തെ മഴയിൽ നൂറോളം മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണതിനെ തുടർന്നു ബെംഗളൂരുവിൽ ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ ഹെൽപ്‌ലൈൻ നമ്പരിൽ 4 മണിക്കൂറിനിടെ ഏഴായിരത്തിലേറെ കോളുകളാണ് ലഭിച്ചത്. മജസ്റ്റിക്, കെആർ പുരം ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടും ഉണ്ടായി. ഇതിന്റെ തുടർച്ചയെന്നോണം ഇന്നലെയും മഴയും കാറ്റും കനത്ത നാശമാണ് വിതച്ചത്. ബെസ്കോം അധികൃതർ പകൽ തകരാർ പരിഹരിച്ച ഭൂരിഭാഗം സ്ഥലങ്ങളിൽ വൈകിട്ടോടെ വീണ്ടും വൈദ്യുതി മുടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com